Saturday, January 31, 2009

ഹാ സിനിമയേ അധിക തുങ്കപദത്തിലെത്ര...

ന്യൂ ജെർസ്സിയിലെ തണുപ്പുള്ള ഒരു നട്ടുച്ച സമയം. പതിവു പോലെ മൂന്ന് മണിക്ക്‌ ഭക്ഷണവും കഴിച്ച്‌ 2 ദിവസമായി ഞാൻ നിരന്ധരം നടത്തി കൊണ്ടിരുന്ന യജ്നത്തിനു എന്തെങ്കിലും ഒരു തീരുമാനമായിട്ടേ പിന്മാറൂ എന്ന വാശിയിൽ കത്തി നിൽക്കുകയാണു."അല്ലെങ്കിലും നിങ്ങൾക്കു എന്നോടു ഒരു സ്നേഹവുമില്ല. ഒരു 5 സ്റ്റാർ ഭക്ഷണമോ ലാവിശായ ഷോപ്പിങ്ങോ ഒന്നുമല്ലല്ലോ ഞാൻ ചോദിച്ചതു. ഒരു സിനിമ കാണണം അത്രയല്ലേ ഉള്ളൂ. നാട്ടിൽ ആയിരുന്നേൽ എനിക്കു തനിയേ പോകാമായിരുന്നു. ഇതു കഷ്ടകാലത്തിനു ഒരൊറ്റ തീയറ്ററേ ഉള്ളു. അതും കിലോമീറ്റർസ്‌ ആൻഡ്‌ കിലോമീറ്റർസ്‌ അവയ്‌.." ഒടുവിൽ അതു സംഭവിച്ചു..എന്റെ സെന്റി ടയലോഗ്‌ ശെരിക്കും ഏറ്റു. ഇവനെ പൻഡാരമടക്കിയേക്കാം എന്നു കരുതി അനീഷ്‌ ചേട്ടൻ പറഞ്ഞു "ശരി വാ കയറു..പൊയ്ക്കളയാം" പ്രീതും ഭദ്രനും ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു എന്ന രീതിയിൽ ഞങ്ങളുടെ കൂടെ കാറിൽ കയറി...

അതെ..അതാണു ഞാനും സിനിമയും തമ്മിലുള്ള ആത്മ ബന്ധം. ഒരു മണിക്കൂറിൽ കൂടുതൽ കാറോടിച്ചു തീയറ്ററിൽ പോയി പടം കാണും. തിരുവനന്തപുരത്തു നിന്നും കൊല്ലത്ത്‌ പോയി സിനിമ കാണുന്ന പോലെ. ആദ്യമായി ഇവരുമൊന്നിച്ചു പോയതു ശ്രീ ദിലീപിന്റെ "റോമിയോ" ആയിരുന്നു. പടം കഴിഞ്ഞിറങ്ങി അടി കിട്ടിയില്ലാ എന്നേയുള്ളൂ. പക്ഷേ ഞാൻ നന്നാവുമോ."ചലോ അടുത്ത ആഴ്ച്ച 'കഥ പറയുമ്പോൾ'. അടി തരാൻ പോലും ശേഷി ഇല്ലാതെ നിസങ്കരായി എല്ലാരും ഇരുന്നു. പിന്നെ ഇന്നേ വരെ ഞാൻ ആരെയും നിർബന്ധിച്ചിട്ടില്ല സിനിമയ്ക്കു പോണം എന്നും പറഞ്ഞു. നിർബന്ധിക്കാനുള്ള വോയിസ്‌ എനിക്കു നഷ്ടമായി കഴിഞ്ഞു. എങ്കിലും ഞാൻ തളർന്നില്ല. പക്ഷേ വളരെ വൈകാതെ അതും സംഭവിച്ചു..ഞാൻ തകർന്നു.. 'കോള്ളേജു കുമാരനും' 'രൗദ്രവും' കണ്ടു കഴിഞ്ഞപ്പോൾ. അതു വരെ മനസ്സിൽ മാത്രം കൊണ്ടു നടന്നിരുന്ന വാചകം, ഒരിക്കലും പുറത്തു പറയരുതേ എന്നാഗ്രഹിച്ച വാചകം ആദ്യമായി എല്ലാവരേയും സാക്ഷി നിർത്തി എന്റെ നാവിൽ നിന്നും വീണു.."മോഹൻലാലും മമ്മൂട്ടിയും ഇവന്മാർക്കു വേറെ പണിയൊന്നുമില്ലേ..ഇതിന്റെ ഒക്കെ വല്ല കാര്യവും ഉണ്ടോ!!!"

വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ? എനിക്കറിയാം..പക്ഷേ സംഭവിച്ചു പോയി.ദേഷ്യവും വിരസതയും കൊണ്ടൊന്നുമല്ല.. തികഞ്ഞ വിഷമം കാരണം. ഉള്ളിൽ തട്ടിയ സങ്കടം കാരണം. മലയാള സിനിമ എതോ പ്രതിസന്ധിയൊക്കെ തരണം ചെയ്തു കയറി വന്നു എന്നൊക്കെ വാർത്തയിലും പത്രത്തിലും വന്നിരുന്നു കുറച്ചു കാലം മുൻപു. എന്തു പ്രതിസന്ധിയാണെന്നു ർക്കുമറിയില്ല. എന്തായാലും അതു കരയ്ക്കടുത്തിട്ടില്ല. മലയാള സിനിമ ഇന്നും പ്രതിസന്ധിയിലാണു. ഇപ്പോൾ കൈവിട്ടു പോയാൽ ഒരു 10 വർഷം കഴിഞ്ഞു അടുത്ത തലമുറയിലെ കുട്ടികൾ പറയും "ഓ..മലയാളം.. ഒരു കാലത്തു ആ ഭാഷയിലും സിനിമകൾ ഉണ്ടായിരുന്നു" എന്നു. വിളിച്ചു ശീലിച്ചു പോയതു കൊണ്ടു മാറ്റാൻ കഴിയുന്നില്ല എങ്കിലും ചോദിച്ചോട്ടെ "ലാലേട്ടാ, മമ്മുക്ക ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ" യേശുദാസ്‌ ലതാ മങ്കേഷ്കറോടു പറഞ്ഞിട്ടുണ്ടു "ലതാജീ ശബ്ദം നന്നായി ഇരിക്കുമ്പോൾ പാട്ടു നിർത്തണമെന്നു" പറയാൻ ഞാൻ ആളല്ലെങ്കിലും അതിലേറെ വിഷമം ഉണ്ടെങ്കിലും പറഞ്ഞു പോകുന്നു "ജനങ്ങൾ നിങ്ങളെ ആരാധിക്കുന്നു, ഇഷ്ടപെടുന്നു അതു നിലനിർത്തി കൊണ്ടു അവസാനിപ്പിക്കുന്നതല്ലേ നല്ലതു!!!"

ലാലേട്ടാ...താങ്കളെ എന്നെന്നേക്കുമോർക്കാൻ എന്റെ മനസ്സിൽ ദേവാസുരവും ദശരഥവുമൊക്കെ ഉണ്ടു. ഭാരതത്തിലെ ഏറ്റവും മികച്ച നടൻ എന്നു തർക്കമില്ലാതെ പറയാൻ ഈ വിരലില്ലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രം മതി. നാളെ ഒരു കാലത്തു ഇതേ ലാലേട്ടനാണു പ്രജയും, ഒന്നാമനും, കോള്ളേജു കുമാരനും ചെയ്തെതെന്നു ഞാൻ എങ്ങനെ പറയും. മങ്കലശേരി നീലകണ്ഠനും, പാട്ടുകാരൻ ഗോപി നാഥനും, വിൻസന്റ്‌ ഗോമസും, ദശരഥത്തിലെ രാജീവ്‌ മേനോനും എന്റെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ടു. അവരെയൊക്കെ പടി അടച്ചു പിൻഢം വെയ്ക്കാൻ ഇനിയെങ്കിലും ദയവു ചെയ്ത്‌ ക്യാന്റീൻ കുമാരനും, സാക്കിർ ഹുസ്സൈനെയും പോലുള്ള കഥാപാത്രങ്ങളെ അനുവദിക്കരുതേ. "ഇതാ ഞങ്ങലുടെ ലാലേട്ടൻ" എന്നു പറഞ്ഞു അഭിമാനത്തോടെ മറുനാട്ടിലുള്ള ആൾക്കാർക്കു കാണിക്കാൻ മനസ്സിലുള്ള കഥാപാത്രങ്ങൾ മാത്രം മതി.

"ചന്ദുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല!!" സാക്ഷാൽ ചന്ദു ചേകവർ പോലും ഈ പറഞ്ഞാൽ മമ്മുക്ക പറയുന്നത്ര പവർ കാണില്ല. അത്ര ഉള്ളിൽ തട്ടി പറയാൻ മറ്റാർക്കും കഴിയുകയുമില്ല. സെലെക്റ്റെട്‌ ആയി അഭിനയിക്കുന്നു എന്നു കണ്ടു സന്തോഷിച്ചിരുന്ന എനിക്കിട്ട്‌ എന്തിനാണു മമ്മുക്ക രൗദ്രമായ കഥ പറയുമ്പോൾ രീതിയിൽ ഒരു പൂഴിക്കടകൻ തന്നതു? അവോയിട്‌ ചെയ്തു കൂടായിരുന്നോ? വാൽസല്യവും, വടക്കൻ വീര ഗാഥയും, പൊന്തൻ മാടയും, വിഥേയനും മനസ്സിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. ബൽറാമിനെ നാണം കെടുത്താൻ വേണ്ടി മാത്രമാണോ നരേന്ദ്രനായി പുനർജ്ജനിച്ചതു? ബാക്കിയെല്ലാം സഹിക്കാം എന്നാലും രൗദ്രത്തിന്റെ പ്രമോഷൻ വേളയിൽ മലപ്പുറത്തു വെച്ചു മമ്മുക്ക ഒരു ഫാനിന്റെ മുഖത്തടിച്ചതു വാർത്ത വഴിയും യൂ റ്റ്യൂബ്‌ വഴിയും ജനലക്ഷങ്ങൾ നടുക്കത്തോടെയാണു കണ്ടതു. താങ്കൾക്കു എങ്ങനെ തോന്നി ഒരു ആരാഥകനെ കരണകുറ്റി നോക്കി പൊട്ടിക്കാൻ. കഷ്ടം തോന്നിപ്പോയി..മമ്മുക്കാ ഇത്ര അധപദനമോ..

സുരേഷ്‌ ഗോപി ചേട്ടനേയും ദിലീപിനേയും ഞാൻ കണക്കിലേ പെടുത്തുന്നില്ല. പണ്ടെങ്ങോ ഒരു കമ്മിഷണർ ഹിറ്റ്‌ ആയി എന്നു കരുതി മൂന്നും കൽപ്പിച്ചു അതു മാതിരിയുള്ള സിനിമകൾ മാത്രമേ അഭിനയിക്കൂ എന്നു വാശി പിടിച്ചു എട്ടാം നിലയുടെ മുകളിലത്തെ നിലയിൽ പോയി പൊട്ടി വീട്ടിലിരുന്നില്ലേ? പിന്നെയും ഫീൽഡിൽ ഇറങ്ങി അതേ അബദ്ധം കാണിക്കുന്നവരോട്‌ നമ്മൾ എന്തു പറയാൻ. മീശ മാധവൻ ഹിറ്റായി..സമ്മതിച്ചു. സി.ഐ.ഡി. മൂസ ദിലിപിന്റെ ഏറ്റവും വലിയ ഫാൻസായ കുട്ടികളുടെ പടമാണെന്നു ദിലീപ്‌ പറയുന്നു. അപ്പോൾ "റോമിയൊ" നർസ്സറി പിള്ളേർക്കുള്ളതോ അതോ ഗർഭസ്ഥ ശിശുക്കൾക്കുളതോ... മുല്ലയും കണ്ടു..കൂടുതൽ ഒന്നും പറയണ്ടല്ലോ... വടക്കു നോകിയന്ത്രവും പൊന്മുട്ടയിടുന്ന താറാവും നമുക്കു കഥയായി നൽകിയ ശ്രീനിവാസൻ എന്താണു "കഥ പറയുമ്പോൾ" എന്ന സിനിമയിലുടെ കന്വ്വയ്‌ ചെയ്യാൻ ശ്രമിച്ചതെന്നു എനിക്കു മനസ്സിലാകുന്നില്ല. പണ്ട്‌ വീട്ടുകാർ ബാലചന്ദ്ര മേനോന്റെ പടം എന്നു പറഞ്ഞു കണ്ണുമടച്ചു തീയറ്ററിൽ കയറുന്നതു പോലെയാണു ഞങ്ങൾ ശ്രീനിവാസന്റെ പടം എന്നു പറഞ്ഞു കയറുന്നതു. ഒരിക്കൽ ഇതു പോലെ ബാലചന്ദ്ര മേനോന്റെ സിനിമ എന്നു പറഞ്ഞു എന്നെയും ചേച്ചിയേയും കൊണ്ടു കയറി ഈശ്വരാ എന്തു ചെയ്യും എന്നു ചൂളി പോയ ഒരു സംഭവം ഓർത്തു പോകുന്നു. വർത്തമാന കാലം എന്ന ഒരു "A" ക്ലാസ്‌ പടം. പിന്നെ പുള്ളിയുടെ ഒരു സിനിമ പോലും വീട്ടുകാർ തീയറ്ററിൽ കൊണ്ടു പോയി കാണിച്ചിട്ടില്ല. ശ്രീനിവാസനെ ഓർക്കുമ്പോൾ തളത്തിൽ ദിനേശനേയും തട്ടാൻ ഭാസ്കരനേയും അവരുടെ കൊച്ചു ഗ്രാമങ്ങളും മനസ്സിൽ ഓടിയെത്തും. ദയവു ചെയ്തു താങ്കളായി തന്നെ അതു തകർക്കരുത്‌.

എന്താണു മലയാള സിനിമയുടെ പ്രശ്നം. നല്ല നടന്മാരുടെ കുറവാണോ, നല്ല സംവിധായകരുടെ കുറവാണോ. അല്ല ഇതൊന്നുമല്ല...കഥ...കഥയാണു പ്രശ്നം. മലയാളീ പ്രേക്ഷകനെ ഇന്നത്തെ സിനിമാക്കാർ അൻഡർ എസ്റ്റിമേറ്റ്‌ ചെയ്യുന്നു. ഇഷ്ടപെട്ട നായകന്റെ പടമാണെങ്കിലും സിനിമയിൽ കഥയില്ലെങ്കിൽ ആയൊരു "substance"
ഇല്ലെങ്കിൽ ജനം പുറത്തിറങ്ങി പറയും "കൂറ പടം". ലോക സിനിമയെ കുറിച്ചു പറയാൻ ഞാൻ ആളല്ല എങ്കിലും മലയാളം, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നട എന്നീ ഭാഷകളിലെ പടങ്ങൾ കണ്ടിട്ടുള്ളതിനാലും അവിടുത്തെ പ്രേക്ഷകരെ വിലയിരുത്തിയ ഒരു അനുഭവം വെച്ചും ഞാൻ പറയട്ടെ..കഥയാണു മലയാള സിനിമയെ "Best among the lot" എന്ന "class"ൽ നിർത്തുന്നതു. സാധാരണ മനുഷ്യന്റെ നിത്യ ജീവിതത്തിൽ സംഭവിക്കുന്നതും, സംഭവിക്കാൻ സാധ്യതയുള്ളതുമായ കഥകൾ. അതെന്നു നമ്മുടെ സിനിമയിൽ നിന്നും മാഞ്ഞു തുടങ്ങിയോ അന്നു മുതലാണു ഈ പ്രതിസന്ധി എന്നു പറയുന്ന ധൂമകേതു ഉണ്ടായതു.

ആണ്ടിലോ ആവണിക്കോ മാത്രമേ ലാൽ ജോസിന്റെ ഒരു "ക്ലാസ്‌ മേറ്റ്സ്‌"ഉം, റോഷൻ ആൻഡ്രൂസിന്റെ ഒരു "നോട്ട്‌ ബുക്കും" മലയാളിക്കു കിട്ടുന്നുള്ളു. പക്ഷേ മലയാള സിനിമ ഇതായിരുന്നോ..മലയാള സിനിമയുടെ സുവർണ്ണ കാലം എന്നു വിശേഷിപ്പിക്കുന്നതു 80കളുടെ അവസാനമാണു. പത്മരാജനും ഭരതനും ചുക്കാൻ പിടിച്ചു ഉന്നതങ്ങളിലേക്കു ഉയർത്തിയ മലയാള സിനിമ. അവിസ്മരണീയമായ കഥകൾ, ജീവനുറ്റ കഥാപാത്രങ്ങൾ. അവർ നമ്മെ വിട്ട്‌ പോയി. എങ്കിലും അതു മലയാള സിനിമയുടെ അന്ദ്യം ആകുന്നില്ല. അവരുടെ പാത പിന്തുടരാൻ ഇന്നത്തെ സിമിമാക്കാർ ഭയക്കുന്നു. ഒക്കെ ഒരു വെറും ഭ്രാന്ദന്റെ സ്വപ്നം എന്നു കവി ചൊല്ലും പോലെ എനിക്കും ഒരൊറ്റ ആഗ്രഹം മാത്രം "ഒരു യഥാർഥ മലയാള സിനിമ കാണുവാൻ".

"നമുക്കോരോ നാരങ്ങാ വെള്ളം അങ്ങടു കാച്ചിയാലോ" മണ്ണാർത്തൊടിയിലെ ജയകൃഷ്ണ മേനോൻ സിറ്റിയിൽ വന്നാൽ ഇങ്ങനെയാണു. "Unbelievabe" എന്നൊരു വാക്കുണ്ടെങ്കിൽ അതു ഇതു പോലുള്ള അമൂല്യമായ സൃഷ്ടികൾക്കാണു. ശ്രീ പത്മരാജന്റെ തൂവാന തുമ്പികളും ജയകൃഷ്ണ മേനോനെ അനശ്വരമാക്കിയ ലാലേട്ടനും. 80കളുടെ അവസാനം മുതൽ 90കളുടെ ആദ്യകാലം വരെ മലയാള സിനിമയ്ക്കു ഉയർച്ചകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാസത്തിൽ 8 സിനിമ ഇറങ്ങുമെങ്കിൽ 7 എണ്ണം കിടിലം. ഒരെണ്ണം കൊള്ളാം. അതായിരുന്നു റേഞ്ച്‌..ഇന്നോ 1 വർഷത്തിൽ ഇറങ്ങുന്ന സിനിമകളിൽ 3 എണ്ണമെങ്കിലും കൊള്ളാം എന്ന കാറ്റഗറിയിൽ വന്നാൽ വലിയ പുണ്യം. പത്മരാജന്റെ ശിഷ്യനായ ബ്ലെസ്സിയുടെ പടമാണു പിന്നെ മനസ്സിനെ പിടിച്ചു ഉലച്ചതു. കാഴ്ച്ചയും, തന്മാത്രയും "ക്ലാസ്‌" എന്ന ഗണത്തിൽ പെടുത്താം, പക്ഷേ ബ്ലെസ്സി, കാഴ്ച്ച എന്ന സിനിമ ഒരു ഇറാനിയൻ സിനിമയിൽ നിന്നും താങ്കൾ അടിച്ചു മാറ്റിയതാണെന്നു ഒരു കിംവദന്തി ഉണ്ടു. അതു സത്യമാവാതിരക്കട്ടെ.

നല്ല സംവിധായകർക്കു മലയാളത്തിൽ യാതൊരു പഞ്ഞവുമില്ല. പൈതൃകം, കുടുമ്പസമേതം, സോപാനം പോലുള്ള സിനിമകൾ നൽകിയ ജയരാജ്‌ ആരെ തോൽപ്പിക്കാനാണു "4 the people" ഒകെ എടുത്തു കൂട്ടുന്നതു. ഭരണഘടനക്കു നന്ദി പറയണം..മൂന്ന് "..the people" അല്ലേ ഉള്ളൂ. അതൊരു 2-3 എണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ എനിക്കു ആലോചിക്കാനേ കഴിയുന്നില്ല. ഒരു കഥ കേൾക്കുമ്പോൾ ഇവർ ആരും പ്രേക്ഷകന്റെ point of viewഇൽ നിന്നും ചിന്ദിക്കാത്തതെന്ദു? ഇതു കൊടുത്താൽ മലയാളികൾ സ്വീകരിക്കുമോ എന്നു സ്വയം ഒരു കാഴ്ച്ചപ്പാടില്ലാതെയാണോ ഇവരൊക്കെ സിനിമ എടുക്കുന്നതു.

വെറും ഒരു കച്ചവടമായി സിനിമയെ കാണുന്നതു വളരെ വേദനാജനകമാണു. ഏതൊക്കെ സ്ഥലങ്ങളിൽ പോയി ഷുട്ട്‌ ചെയ്യണം, പുതിയ എന്തൊക്കെ സ്റ്റയിൽ കൊണ്ടു വരണം എന്നു മാത്രം നോക്കി സിനിമ എടുക്കുന്നു. ഞങ്ങൾക്കു ഇതൊന്നും വേണ്ട!!! വളരെ ലളിതമായ ഹൃദയ സ്പർശിയായ ഒരു കഥ പറഞ്ഞു തരൂ. ഒരു കൊച്ചു ഗ്രാമത്തിലെ സംഭവമാണെങ്കിലും മതി 2 കൈയും നീട്ടി ജനം അതു സ്വീകരിക്കും. അമാനുശിക നായകനെ ആരാധിക്കുന്ന പ്രേക്ഷകർ മലയാളത്തിൽ കുറവാണു. തമിഴ്‌ സിനിമയെ അനുകരിച്ചു ലാലേട്ടനു കൊടുത്ത ആ super human ഇമേജ്‌ കൃത്യം 3 പടം വരെ ജനങ്ങൾ സഹിച്ചു. അതു കഴിഞ്ഞു പ്രജയും, ഒന്നാമനും മറ്റും പോയ വഴി പോലും അറിയില്ല. മലയാളീ പ്രേക്ഷകനു മമ്മുക്ക പറയും പോലെ "sense,sensibility,sensitivity " ഉം ഉണ്ടു. അതു വിട്ടു ഒരു മായാ ലോകത്തിൽ പോയി ഒരിക്കലും നടക്കാത്ത കാര്യങ്ങൾ കാണിച്ചാൽ സ്വീകരിക്കാൻ കഴിയില്ല. അതിനിയെങ്കിലും സിനിമാക്കാർ മനസ്സിലാക്കണം.

പത്മരാജനും ഭരതനും ഇന്നുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു. അവസാനം കെ.ജി. ജോർജിന്റെ മുന്നിൽ പോയി "ദയവു ചെയ്തു താങ്ങൾ ഒരു സിനിമ എടുക്കൂ" എന്നു പറയാൻ പോലും എനിക്കു തോനുന്നു. ഇപ്പോൾ ഇറങ്ങുന്ന കോമാളി സിനിമകൾ കണ്ടു മനസ്സു മരവിച്ചു അതിന്റെ ഹാങ്ങ്‌ ഓവർ മാറാൻ പഴയ ഒരു സിനിമ കണ്ടു അതിന്റെ കെട്ടു വിടാതെ കണ്ണുമടച്ചു കിടന്നുറങ്ങുന്നതു ഒരു ശീലമായി കഴിഞ്ഞു.

"ഹാ സിനിമയേ അധിക തുങ്കപദത്തിലെത്ര ശോഭിച്ചിരുന്നിതു..!!!!!!"

ലേ ഓഫ്‌

അമേരിക്കയിൽ പോയി ജോലി ചെയ്യുകയെന്നുള്ളതു ഏതൊരു ശരാശരി ഭാരതീയ പൗരന്റേയും അടിസ്ഥാന സ്വപ്നമാണു. അതു രങ്കത്തിലെ ഒരു തൊഴിലാളിക്കു പ്രത്യേകം. " Land Of Opportunities" എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മഹാ നഗരം. എന്തു കഷ്ടപ്പാടും ബുധ്ധിമുട്ടും സഹിച്ചാണെങ്കിലും അമേരിക്കയിൽ വരണം എന്ന ദ്രിദ്ധ പ്രതിജ്ഞ എടുക്കുന്ന ചെറുപ്പക്കാർ. അതു കമ്പനി വഴി ലഭിക്കുന്ന L1 വിസ ആയാലും. അതു വഴി ഇവിടെ വന്നു ആ കമ്പനിയെ നൈസായി വലിപ്പിച്ചിട്ട്‌ വേറൊരു കൻസൽട്ടൻസി വഴി H1 വിസ ഫയൽ ചെയ്തിട്ടായാലും, ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും നഴ്സിനെ കെട്ടി അവരുടെ കൂടെ ആയാലും അവസാന ലക്ഷ്യം അമേരിക്ക തന്നെ.

വന്നിടയ്ക്കു തോന്നിയ ഒരു പുതുമ കുറച്ചു കാലം കഴിഞ്ഞ്‌ വിരസതയായി മാറി കഴിഞ്ഞു എനിക്കു. പക്ഷേ ചിലപ്പോഴൊക്കെ ആ പുതുമ തിരിച്ചു പിടിക്കാനും സാധിക്കുന്നു. നല്ല കുറച്ചു കൂട്ടുകാരും അവരോടൊന്നിച്ചുള്ള ചുരുക്കം ചില നല്ല യാത്രകളും, സാഹസികമായ sky diving , കടലിൽ പോയി മിൻ പിടിക്കുക മുതലായ പൊടി കൈകളും കൊണ്ടു ഞാൻ അതു തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി കാര്യമായ ജോലിയൊന്നുമില്ല. ഓഫീസിൽ വന്നു മെയിലൊക്കെ നോക്കിയാൽ പിന്നെ ബ്ലോഗ്‌ വായന തുടങ്ങും. അത്രയും സൗകര്യം എന്നു എന്നെ പോലുള്ള ആളുകൾ വിചാരിക്കുമ്പോൾ ചുറ്റും കൂടിയിരിക്കുന്ന ആളുകളുടെ നെഞ്ചിൽ തീയാണെന്നു ഞാൻ കുറച്ചു കഴിഞ്ഞു മനസ്സിലാക്കി. അമേരിക്കയുടെ സാമ്പത്തിക സ്തിതി ആകെ തകിടം മറിഞ്ഞിരിക്കുന്നുവെന്നും, ഫിനാൻസ്‌ മേഖലയെ അതു കാര്യമായി പിടിച്ചുലച്ചെന്നും അതിനാൽ ആയിരകണക്കിനാളുകളുടെ ജോലി തന്നെ നഷ്ടപ്പെടുമെന്നും ഞാൻ അറിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഓഫീസിൽ ഒരു ശ്മശാന മൂകതയാണു. ജോലി തന്നെ കാണുമോ എന്നു ആലോചിച്ചു ഭ്രാന്തായി ഇരിക്കുന്ന സായിപ്പന്മാർ, തങ്ങളുടെ ക്ലൈന്റ്സ്‌ പോയാൽ തങ്ങളുടെ പണിയും പോകുമല്ലോ എന്ന ചിന്ത കാരണം സ്ധിരം സന്തർഷകരായി ഭാരതീയ കമ്പനികളുടെ കോ-ഓർടിനേറ്റേർസ്സ്‌.

അവസാനം പ്രതീക്ഷിച്ചതു പോലെ അതു സംഭവിച്ചു. ഒരുപാടു കമ്പനികൾ അവരുടെ തൊഴിലാളികളെ പിരിച്ചു വിട്ടു തുടങ്ങി. ഞാൻ ജോലി ചെയുന്ന ക്ല്യ്ന്റിന്റെ മറ്റ്‌ ബ്രാഞ്ചുകളിൽ നിന്നും ആൾക്കാരെ പിരിച്ചു വിട്ട്‌ തുടങ്ങി എന്ന വാർത്ത പത്രം വഴിയും, കൂടെ ജോലി ചെയ്യുന്ന ആൾക്കാർ വഴിയും ഞാൻ അറിഞ്ഞു. സങ്കതി അത്ര പന്തിയല്ല. "ലേ ഓഫ്‌" എന്ന ഓമന പേരിൽ അറിയപ്പെടുന്ന ജോലിയിൽ നിന്നും പിരിച്ചു വിടുക എന്ന കൃത്യം. ഒടുവിൽ അതു ഇവിടെയും സംഭവിച്ചു. ഇന്നു രാവിലെ 3 മദാമമ്മാർ ഓഫീസിൽ വന്നു. HR ഇൽ നിന്നാണു പോലും. ഉച്ചയോടു കൂടി 10 പേരെയാണു പറഞ്ഞു വിട്ടതു !!! ഓരോരുത്തരെയായി മുറിയിൽ വിളിച്ചു വിവരം പറയും, എന്നിട്ടു ഉടൻ തന്നെ അവരുടെ സിറ്റിൽ പോയി സാധനങ്ങൾ എടുത്തു പുറത്തു പൊയ്ക്കൊള്ളുക. വാതിലിനു പുറത്തു വരെ ഒരു അകമ്പടി വരും. വാതിലിനു പുറത്തിറങ്ങി റോടിൽ എത്തിയാൽ ജോലിയില്ല!!! എന്തൊരു അവസ്തയാണിതു? ഒരു ദിവസത്തെ സാവകാശം പോലും കൊടുക്കില്ല. വിവരം അറിഞ്ഞാൽ അപ്പോൾ ഇറങ്ങി കൊള്ളണം.

ഞാൻ ഇരിക്കുന്ന സീറ്റിന്റെ അടുത്തു കൂടിയാണു ഇവരൊക്കെ ഒരോരുത്തരായി കടന്നു പോകുന്നുത്‌. പലതും കണ്ടു പരിചയം മാത്രമുള്ള മുഖങ്ങൾ മറ്റു ചിലർ നല്ല സുഹ്രുത്തുക്കൾ. "ശരി കാണാം" എന്നവർ പറയുമ്പോൾ തിരിച്ചു എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു പോയി. എന്തു പറഞ്ഞു ആശ്വസിപ്പിക്കും? വാതിൽ വരെ ഞാനും കൂടെ നടന്നു. "എല്ലാം ശെരിയാകും... വിശമിക്കരുത്‌" എന്നു പറയാൻ മാത്രമേ എനിക്കു സാധിക്കുമായിരുന്നുള്ളു. ഇതിൽ എത്ര പേർ ലോൺ എടുത്തു കാറും, വീടും ഒക്കെ വാങ്ങിയിട്ടുണ്ടാകും, കുട്ടികൾ സ്കൂളിൽ പടിക്കുന്നുണ്ടാകും. ആയിരക്കണക്കിനു ആൾക്കാരെ പിരിച്ചു വിട്ടതിനാൽ ഇനി ഇവർക്കു ഒരു ജോലി കിട്ടാൻ എന്തു പ്രയാസമായിരിക്കും. ഇപ്പോഴത്തെ അവസ്തയിൽ അതിനെ കുറിച്ചു ചിന്തിക്കുകയും വേണ്ട. 40 വയസ്സിനു മുകളിലാണെങ്കിൽ സ്തിതി പിന്നെയും മോശം. മറ്റൊരു ജോലി കിട്ടാൻ ഇങ്ങനെയൊരു സമയത്ത്‌ എന്തൊരു ബുദ്ധിമുട്ടാണു.

ഒരു നിമിഷമെങ്കിലും മനസ്സു കൊണ്ടോർത്തു പോയി. ഒരു സർവ്വീസു കമ്പനിയിൽ ജോലി ചെയ്യുന്നതു കൊണ്ടു രാവിലെ വന്നു ജോലിയില്ല എന്ന സ്ധിതി വിശേഷം കേൾക്കേണ്ടി വന്നില്ല. ഒരു മാസത്തെ നോട്ടീസ്‌ പീരിയട്‌ എങ്കിലും കിട്ടും. 1 വിസയും എടുത്തു നാട്ടിലെ നല്ല ജോലി രാജി വെച്ചു ഇവിടെ വരുന്ന യുവാക്കൾക്കു എന്താണു ? അതിപ്പോൾ നാട്ടിലായാലും ഇല്ലല്ലോ എന്നൊരു മറു ചോദ്യം വരും. ശെരിയാണു പക്ഷേ ഇത്ര രൂക്ഷമല്ല. ഒന്നുമല്ലെങ്കിലും നാട്ടിലല്ലേ. ഇതു അന്യ രാജ്യത്തു നിന്നു എന്തു ചെയ്യും? അതും ഒരു കുടുമ്പവുമൊക്കെ ആയി വരുന്നവർ. ഏതാണു നല്ലതെന്നു ചോദിച്ചാൽ എന്റെ കയ്യിൽ കൃത്യമായി ഒരു ഉത്തരമില്ല. എങ്കിലും ഈ ഒരു അവസ്ത കണ്ടിട്ടു കഷ്ടം തോന്നുകയല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ലല്ലോ എന്ന വിഷമം മാത്രം. ചിന്തിക്കൂ...എല്ലാ വഷങ്ങളും ചിന്തിച്ചു ഉചിതമായ ഒരു തീരുമാനത്തിലെത്തൂ.... !!!!