Saturday, March 1, 2008

നഷ്ട സ്വര്‍ഗ്ഗങ്ങള്‍ ...

മരം കോച്ചുന്ന തണുപ്പെന്നൊക്കെ സാഹിത്യ ഭാഷയില്‍ കേട്ടിട്ടേയുള്ളൂ. ഇന്നു വരെ അതെന്താ സംഭവം എന്നറിയാനോ ഉള്‍കൊള്ളാനോ പറ്റിയിട്ടില്ല. നല്ല ഒരു ബ്ലോഗ്‌ വായിച്ച്‌ തീര്‍ത്ത സന്തോഷമുണ്ടു. കേരളം - ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അടിയുറച്ച്‌ വിഷ്വസിക്കുന്നയെനിക്കു ആ വിഷ്വാസം അടിവരയിട്ട്‌ ഉറപ്പിക്കാന്‍ പാകത്തിനുള്ള ഒരു ബ്ലോഗ്‌. വായിച്ച്‌ തീര്‍ന്ന സന്തോഷത്തോടെ ഈ മതില്‍കെട്ടുകള്‍ക്കു വെളിയില്‍ നിന്നു കുറച്ച്‌ പ്രകൃതി ഭങ്ങി ആസ്വദിക്കാന്‍ കൊതി തോന്നിയതു കൊണ്ടു മാത്രമാണു ഞാന്‍ 39ആം നിലയില്‍ നിന്നും ലിഫ്റ്റ്‌ പിടിച്ച്‌ താഴെയെത്തിയതു. വെളിയില്‍ വന്നതും എന്റെ സര്‍വ്വ പ്രതീക്ഷകളും തകിടം മറിഞ്ഞു. മരം കോച്ചുന്ന തണുപ്പു - അതെന്താനെന്നു ഞാന്‍ അനുഭവിച്ചു അറിയുകയായിരുന്നു. പ്രകൃതി ഭങ്ങി ആസ്വദിക്കാന്‍ മോഹിച്ച ഞാന്‍ നോക്കി നില്‍ക്കുന്നതോ ആകാഷം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളെ - ന്യൂ യോര്‍ക്ക്‌ നഗരം. വന്നിട്ടു 4 മാസം തികച്ചായില്ല, ഇതൊക്കെ കണ്ടു ഞാന്‍ മടുത്തു തുടങ്ങിയിരിക്കുന്നു.

യാത്ര തിരിക്കും മുന്‍പു വലിയ ആവേഷമായിരുന്നു. ദാസനും വിജയനും പോയതു പോലേ ഞാനും അമേരിക്കയിലേക്കു പോകുന്നു. അതും ലോകമെംബാടുമുള്ള ആള്‍ക്കാര്‍ അത്ഭുതത്തോടെ ഉറ്റു നോക്കുന്ന ന്യൂ യോര്‍ക്കില്‍ ജോലി ചെയ്യാന്‍. ലോകത്തിന്റെ മൊത്തം സാംബത്തിക സ്തിഥി തങ്ങളാണു ഉയര്‍ത്തി പിടിച്ചിരിക്കുന്നതെന്ന ഭാവമുള്ള നാട്ടില്‍. ഏതൊരു ITക്കാരന്റെയും സ്വപ്നം - On Site . മൂന്നും കല്‍പ്പിച്ച്‌ കിട്ടിയ ചാന്‍സ്‌ കളയരുതെന്നു വിചാരിച്ചു ഭാന്‍ഡവും മുറുക്കി കയറി ഇങ്ങു പോന്നു. വന്നിറങ്ങിയ ആദ്യത്തെ ഒരു മാസം എന്തൊരു അര്‍മാദമായിരുന്നു!! സ്തലമെന്നാല്‍ അതു അമേരിക്ക തന്നെ. എത്ര വൃത്തിയും വെടിപ്പും. സായിപ്പന്മാരുടെ ചില സ്വഭാവ രീതികള്‍ കണ്ടാല്‍ ആഷ്ചര്യം തോന്നും. വഴിയില്‍ കൂടെ നടന്നു പോക്കുംബോള്‍ നമ്മള്‍ ആരെയെങ്കിലും അറിയതെ ഒന്നു തട്ടിയാല്‍ അവര്‍ തിരിഞ്ഞു നിന്നു Sorry പറയും!!! ഈ നാട്ടില്‍ ആള്‍ക്കാര്‍ ഒട്ടും പിശുക്കു കാണിക്കാതെ എടുത്തലക്കുന്ന രണ്ടു വാക്കുകള്‍ - Sorry, Thank You. കലിപ്പു തന്നെ ഞാനും വിചാരിച്ചു. കുറച്ചു കാലം കൂടെ ഇവിടെ നില്‍ക്കണം, ഇവരുടെ രീതിയൊക്കെ ഒന്നു പഠിക്കണമെന്ന ചിന്ത വളരെ താമസിയാതെ എന്റെ മനസ്സില്‍ കടന്നു കൂടി.

ജോലിയൊക്കെ തകൃതിയായി നടക്കുന്നു. പക്ഷേ ആകമൊത്തം ഒരു ബോറടി. തിരിച്ചു താമസിക്കുന്ന വീട്ടില്‍ വന്നാല്‍ പ്രീതുമായുള്ള ഭക്ഷണ പാചക യജ്ഞം മാത്രമേ ഇപ്പോള്‍ മനസ്സിനു കുറച്ചെങ്കിലും സന്തോഷം തരുന്നുള്ളു. അങ്ങനെ ഇരിക്കുംബോള്‍ എപ്പോഴെക്കെയോ മനസ്സു നാട്ടില്‍ പറന്നെത്തും. വൈകുന്നേരങ്ങളില്‍ താരിക്കും സാജനുമായി കവടിയാറിലുള്ള Coffe Day ചുമ്മ സൊറ പറഞ്ഞിരിക്കാനും "ഇനിയെന്തു പ്ലാന്‍ അളിയാ" എന്ന ചോദ്യത്തിനു "എന്തു പ്ലാന്‍ ഇതൊക്കെ തന്നെ" എന്ന മറുപടി കേള്‍ക്കാനും കൊതിയാവുന്നു. നല്ല മൂടിലാണെങ്കില്‍ "മച്ചൂ ഒരു സിനിമയ്ക്കു വിട്ടാലോ" എന്നു പറയുന്നതു കേള്‍ക്കാനും, കൈയ്യൊപ്പും ഒരേ കടലും പോലുള്ള അതി മനോഹരമായ സിനിമകള്‍ 2nd ഷോ പോകാനും, തിരിച്ചു വരുംബോള്‍ സിനിമയുടെ കെട്ടെറങ്ങാതിരിക്കാന്‍ കാറില്‍ ഏതെങ്കിലും നൊസ്താള്‍ജിക്‌ പാട്ടിട്ടു അതിന്റെ താളത്തില്‍ സാജന്‍ കാറോടിക്കുംബോള്‍ അടുത്തിരുന്ന് ആസ്വദിക്കാനും, വിശപ്പു തോന്നുന്നെകില്‍ ഏതെങ്കിലും തട്ടു കടയില്‍ നിര്‍ത്തി ദോശയും ഓമ്ലേറ്റും കഴിക്കാനും എനിക്കു കൊതിയാകുന്നു. അമേരിക്ക പോലും...തിരുവനന്തപുരം മ്യൂസിയത്തിന്റെ മുന്‍പിലുള്ള ചായക്കടയില്‍ കിട്ടുന്ന ഉള്ളിവടയും കടുപ്പമുള്ള ചായയുടെയും സ്വാദ്‌ ആസ്വദിക്കാന്‍ വിഥിച്ചിട്ടില്ലാത്ത ജനങ്ങളുടെ നാടു!!!

വല്ലപ്പോഴും താരിക്കിന്റെ പുതിയ ഐടിയകള്‍ കേള്‍ക്കാനും അതിനു അഭിപ്രായം പറയാനും, ഇടയ്ക്കിടയ്ക്കു "അളിയാ നിന്റെ ഇപ്പോഴത്തെ ഫീല്‍ട്‌ കൊള്ളാം പക്ഷേ നമ്മുടെ അവസാന ലക്ഷ്യം സിനിമയാണു" എന്നോര്‍മിപ്പിക്കുവാനും എന്റെ മനസ്സു വെംബുന്നു. ഓണത്തിനു "ലൈറ്റ്‌" ഇട്ടിരിക്കുന്നതു വെറുതേ റോഡിലൂടെ നടന്നു കാണാനും, ചെറിയ Roller Coster drive കയറി "സ്വാമിയേ ശരണമയ്യപ്പാ..എന്നെ കൊന്നേ" എന്നു നിലവിളിക്കാനും തോന്നി പോകുന്നു. മ്യൂസിയത്തിന്റെ ഏതെങ്കിലും തണലുള്ള മരത്തിന്റെ ചുവട്ടിലിരുന്നു വെറുതേ ഓരോ കാര്യങ്ങള്‍ പറയാനും, പഴയ കാര്യങ്ങല്‍ ഓര്‍ത്തു ചിരിക്കാനും, ചിലതോര്‍ത്ത്‌ വിശമിക്കാനും, മറ്റ്‌ ചിലപ്പോള്‍ Ambrosia പോയി പേരു പറയാന്‍ അറിയാത്ത സാധനം വാങ്ങി കഴിക്കുന്ന പ്രോസസ്സിനിടയ്ക്കു അതു കയ്യില്‍ മുഴുവനാകുംബോള്‍ ഒരു മടിയും കൂടാതെ കൈ നക്കി "നമ്മളിങ്ങനെയാ പറ്റുമെങ്കില്‍ സഹിച്ചാല്‍ മതി" എന്നു പറയാനും എനിക്കു കൊതിയാകുന്നു. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും, ഒരേ സിനിമ പല ആങ്കിളില്‍ നിന്നു വിശകലനം ചെയ്തു പരസ്പരമുള്ള അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുന്നു. "നീ ഇന്നിട്ടിരിക്കുന്ന ശര്‍ട്ട്‌ കൊള്ളാം" എന്നു പറയംബോള്‍ ലോകത്തെ ഏറ്റവും ഭങ്ങിയുള്ള്‌ ശര്‍ട്ട്‌ കിട്ടിയവന്റെ സന്തോഷം മനസ്സില്‍ ഓടിയെത്തുന്നു.

എനിക്കും ആഗ്രഹമുണ്ടു ഒരു വെള്ള മുണ്ടു മടക്കിക്കുത്തി കൈയില്ലാത്ത ബനിയനുമിട്ടു മണലിതോട്ടത്തിലൂടെ നടന്നു കൃഷിക്കാര്യങ്ങള്‍ നോക്കാന്‍. പറംബില്‍ എത്ര തേങ്ങയുണ്ടെന്നും, പാടത്തു കൊയ്ത്തു എപ്പോഴാണെന്നും നാട്ടുകാരോടു കൊച്ചു വര്‍ത്തമാനം പറയാനും, തിരിച്ചു വീട്ടില്‍ എത്തുംബോള്‍ കപ്പയും മീനും കഴിക്കാനും. ഇത്തൊക്കെയൊരു ജീവിതമാണോ എന്നാള്‍ക്കാര്‍ ചോദിക്കും, ജീവിക്കാന്‍ പൈസ വേണ്ടേ എന്നു മറ്റുചിലര്‍. എനിക്കു ഇതൊക്കെ തന്നെയാണു ജീവിതം. ഇത്രയും കൊല്ലമായി എന്റെ സന്തോഷം ഇതൊക്കെ തന്നെയാണു. ഇനി നാളെ അതു മാറുമോ എന്നറിയില്ല. പക്ഷേ അതു നാളെയല്ലേ? ഇന്ന് ഇതൊക്കെ തന്നെയാണു എന്റെ ജീവിതവും സന്തോഷവും. ജീവിക്കാന്‍ പൈസ വേണം. പക്ഷേ അതുണ്ടാക്കാനുള്ള തിടുക്കത്തില്‍ നമ്മുടെ സന്തോഷത്തെ നാം ബലി കഴിക്കുന്നു. എന്റെ കൂട്ടുകാര്‍ ഇപ്പോള്‍ പല രാജ്യങ്ങളിലാണു. ഇനി ഒരുമിച്ച്‌ പഴയ പോലെ Arabian Dreams നാരങ്ങാ വെള്ളം കുടിക്കാനും ഒരു സിനിമ കണ്ടു കഴിഞ്ഞു ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരിക്കാനും ഇനിയാകുമോ എന്നറിയില്ല...ആവണം..ആയേ പറ്റൂ..എന്റെ സന്തോഷം ഈ ചെറിയ കാര്യങ്ങളിലാണു.

ഈ ആഗ്രഹങ്ങളെല്ലാം പേപ്പറില്‍ എഴുതുവാന്‍ വേണ്ടി മരം കോച്ചുന്ന തണുപ്പില്‍ നിന്നു വീണ്ടും 39ആം നിലയിലെത്തി. ബുക്കും പേനയും എടുത്തു. പേന കൈ കൊണ്ടു തൊടാന്‍ പറ്റുന്നില്ല. കൈ തണുപ്പു കാരണം മരവിച്ചു പോയിരിക്കുന്നു. 5 മിനിറ്റിന്റെ ഇടവേളയ്ക്കു ശേഷം കൈ നോര്‍മലായി. പേന എടുത്തു ഞാന്‍ എഴുതി തുടങ്ങി....

കടപ്പാടു :
ആലപ്പുഴയും ഇടുക്കിയുമൊക്കെ കാണാന്‍ കൊതിക്കാത്ത മലയാളിയുണ്ടോ? കപ്പയും മീനും തിന്നാന്‍ കൊതിക്കാത്ത മനുഷ്യനുണ്ടോ? ഒരു ചില്ലിക്കാശു പോലും മുടക്കില്ലാതെ ഇത്രയും എനിക്കു വെറും 1 മണിക്കൂറില്‍ സാധ്യമാക്കിത്തന്ന കൊച്ചുത്രേസ്യക്കു ഒരായിരം നന്ദി..

2 comments:

Anonymous said...

aliya.. neinte ullil itharamoru saahithyakarane adakkipidichirunna kaarayam enthe ithu vare nee parayathathu..? :)
pakshe.. seriusly.... if it makes me, sitting idly in pune, nostalgic.. then u can think of wat it shud mean 2 sme1 in us..
a very gud piece... :)

Nesmel Hussain said...

ഇനിയും വരും വസന്തം ഋതു ഭേദങ്ങളുടെ ചലനം പ്രകൃതിക്കും മനുഷ്യനും ഒന്നു തന്നെ എന്ന സത്യം മനസ്സിലാക്കൂ ...!