Monday, February 25, 2008

19-ആം അടവു - ഭീഷണി

വളരെ അധികം സംഭവ വികാസങ്ങള്‍ കൊണ്ടു നിറഞ്ഞു കവിഞ്ഞ ഒരു കാലമായിരുന്നു എന്റെ പതിനഞ്ജാം വയസ്സ്‌ - ഒന്‍പതാം ക്ലാസ്സ്‌. കണക്കു എന്ന വിഷയത്തില്‍ ഞാന്‍ അഗ്രഗണ്യന്‍ ആയതു കൊണ്ടും നാട്ടിലുള്ള ഒരു കണക്കു വാദ്യാന്മാര്‍ക്കും എന്റെ കൂലംകശമായ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ കഴിയാത്തതു മൂലവും തിരുവനന്തപുരത്തു ഒട്ടുമുക്കാല്‍ എല്ലാ കണക്കു ട്യുഷന്‍ ക്ലാസുകളിലും ഞാന്‍ അറ്റണ്ടന്‍സു രേഖപെടുത്തിയിട്ടുണ്ടു. കാല്‍ക്കുലസിന്റെ 'കാല്‍' ഭാഗം പോലുമറിയാത്ത ഞാന്‍ പില്‍കാലത്ത്‌ ഒരു 'ഇഞ്ജിനീര്‍'ആയതു മറ്റൊരു ലോകമഹാത്ഭുതം. കണക്കു അന്നുമിന്നും എനിക്കു ഒരു കണക്കു തന്നെയാണു. S.S.L.C പരീക്ഷയില്‍ കണക്കിനു 8 മാര്‍ക്കു കുറവായതു കൊണ്ടു പ്രീ-ടിഗ്രിക്കു ആര്‍ട്സ്‌ കോളേജില്‍ ആദ്യത്തെ ലിസ്റ്റില്‍ എന്റെ പേരു വരാത്തതും ഈ സമയത്ത്‌ വ്യസനസമേതം ഓര്‍ത്തു പോകുന്നു. കണക്കിനു 90 മാര്‍ക്കു വാങ്ങി കൂട്ടിയ കഷ്ടപ്പാടു എനിക്കും ഉടയതംബുരാനും മാത്രം അറിയാം. എന്നേക്കാള്‍ ട്ടോട്ടല്‍ മാര്‍ക്കു കുറവുണ്ടായിട്ടും കണക്കിനു മാര്‍ക്കു കൂടുതല്‍ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ മറ്റുള്ളവര്‍ക്കു സീറ്റ്‌ കിട്ടി- കേരളത്തിന്റെ പളുപളുത്ത വിദ്യാഭ്യാസ വ്യവസ്തിഥിയോടു അന്നു തീര്‍ന്നതാ തിരുമേനി ബഹുമാനം. അതു കൊണ്ടാ ഞാന്‍ irrevera and outposken ആയി പോയതു.

എട്ടാം ക്ലാസ്സില്‍ കണക്കു പഠിപ്പിച്ചിരുന്ന ട്യുഷന്‍ ട്ടീച്ചര്‍ സകലമാന ശക്തിയുമെടുത്തു കുട്ടികളെ മര്‍ധിച്ചു പോന്നു.'നുള്ളല്‍' എന്ന ഐറ്റത്തില്‍ സ്പെഷ്യലൈസ്‌ ചെയ്ത ട്ടീച്ചര്‍ നുള്ളിയാല്‍ തൊലിയടക്കം പറിഞ്ഞു പോകുമായിരുന്നു. മകനെ രൂക്ഷവും മൃഗീയവുമായി മര്‍ധിക്കുന്നതറിഞ്ഞു വീട്ടുകാര്‍ ആ വര്‍ഷം കൊണ്ടു അവിടുത്തെ പഠിപ്പീരു നിര്‍ത്തിച്ചു. എത്ര നുള്ളിയാലും നന്നാവില്ലയെന്നോര്‍ത്തു ഒരു ശിഷ്യന്‍ പോയതിന്റെ വിശമം ട്ടീച്ചര്‍ക്കുമില്ലായിരുന്നു. അങ്ങനെയാണു ഒന്‍പതാം ക്ലാസില്‍ മറ്റൊരു കണക്കു ട്ടീച്ചറിന്റെ അടുത്തു പയറ്റ്‌ പഠിക്കാന്‍ ഉറുമിയുമായി ചെന്നെത്തുന്നതു. Multi Processing എന്ന സാങ്കേതിക വിദ്യ ആദ്യമായി കണ്ടു പിടിച്ച ട്ടീച്ചര്‍. ഒറ്റ ക്ലാസ്സ്‌ റൂമില്‍, ഒരേ സമയം 5-ആം ക്ലാസ്‌ മുതല്‍ 10-ആം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ ഒറ്റക്കു മാനേജ്‌ ചെയ്തു ഒരുമിച്ചു പഠിപ്പിച്ചിരുന്ന ട്ടീച്ചര്‍. അഞ്ജാറു ബെഞ്ചുകളില്‍ 10-15 കുട്ടികള്‍-എല്ലാ പ്രായക്കാരും. അടുത്തിരുന്ന 5-ആം ക്ലാസ്സുകാരന്‍ 5+5 = 10 എന്നു വിരലിലെണ്ണി ഉത്തരം എഴുതുംബോള്‍ എനിക്കു തന്നിരിക്കുന്ന ചോദ്യത്തിന്റെ സൊല്യൂശന്‍ ആരെ നോക്കി കോപ്പി അടിക്കുമെന്ന ഗുരുതരമായ ധാര്‍മിക പ്രശ്നത്തില്‍ ആയിരുന്നു ഞാന്‍. പിന്നെ ആസ്‌ യൂഷ്വല്‍ പല വര്‍ണ്ണ സ്കൂള്‍ യൂണിഫോം ധാരിണികളെ കണ്ടു സമയം കടന്നു പോകും.

വൈകിട്ടു ബസ്സ്‌ സ്റ്റോപ്പില്‍ വന്നിറങ്ങിയാല്‍ 5 മിനിറ്റ്‌ നടക്കണം ക്ലാസ്സിലെത്താന്‍. 4:30 നു ക്ലാസ്സ്‌ തുടങ്ങും. 4:40നു ബസ്സ്‌ സ്റ്റോപ്പിലെത്തും. അങ്ങനെ എന്നും 15 മിനിറ്റ്‌ വൈകിയാണു ഞാന്‍ ക്ലാസ്സിലെത്തുന്നതു. തിരുവനന്തപുരത്തെ ഏറ്റവും അറിയപ്പെടുന്നതും 'കിടിലം' സ്കൂളിലെ വിദ്യാര്‍ഥിയുമായതു കൊണ്ടു അല്‍പം താമസിച്ചാലും "ലെവന്‍ പുലിയാണു കാര്യങ്ങളൊക്കെ മനസ്സിലാക്കിയെടുത്തു കളയും"എന്ന ഒരു മിഥ്യാ ധാരണ ട്ടീച്ചര്‍ക്കുമുണ്ടായിരുന്നു. ബസ്സിറങ്ങി ക്ലാസ്സിലേക്കു നടക്കുന്ന വഴിയില്‍ മുടി കോതി വൃത്തിയാക്കിയും മറ്റ്‌ സൗന്ദര്യ പരിഷ്ക്കാരങ്ങള്‍ വരുത്തിയുമാണു ഞാന്‍ ക്ലാസ്സില്‍ പ്രവേശനം നടത്തിയിരുന്നതു. "ലേറ്റാ വന്ദാലും ലേറ്റസ്റ്റാ വരുവേന്‍" എന്നു തലൈവര്‍ പറയും പോലെ. ഞാന്‍ ക്ലാസ്സില്‍ കയറിയാല്‍ ഒരു പത്തു നിമിഷം എല്ലാരും ചെയ്യുന്ന പണി നിര്‍ത്തിവെച്ചു എന്നെ നോക്കും. അതു ഞാന്‍ വലിയ കിടിലമായതു കൊണ്ടൊന്നുമല്ല "ഓ കെട്ടിയെടുത്തു" എന്ന അര്‍ത്ഥത്തില്‍. പക്ഷേ സ്കൂളില്‍ പഠിക്കുന്ന സമയത്തു വളരെയധികം ഓവര്‍ സ്മാര്‍ട്ട്‌ കാണിച്ചു നടന്നയെനിക്കു അന്നേ ഒരുപാടു ഫാന്‍സുണ്ടെന്നു അറിയാമായിരുന്നു. എങ്ങനെ അറിയാമെന്നു ചോദിക്കരുതു. ഇതൊക്കെയാരെങ്കിലും പറഞ്ഞു തരണോ.. ഊഹിച്ചൂടേ.. അതേ ഞാനാണു പിത്ക്കാലത്തു പ്രീ-ടിഗ്രീയില്‍ ആയപ്പോള്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ 'കോഴി' എന്ന സ്താനപ്പേരും കരസ്തമാക്കിയതു. ഇഞ്ജിനീറിംഗ്‌ മൂന്നാം കൊല്ലമായപ്പോള്‍ ഇനി ആ ഫീല്‍ടില്‍ പഠിക്കാന്‍ ബാക്കിയൊന്നുമില്ല എന്നു സ്വയം മനസ്സിലാക്കി പി.എച്ച്‌.ടിയുമെടുത്തു എന്റെ രാജി എഴുതിക്കൊടുത്തതു മറ്റൊരു ദുഖ സത്യം.

ക്ലാസ്സിലേക്കു വലതുകാല്‍ വെച്ചു കയറുംബോള്‍ എല്ലാ ദിവസവും ആസ്‌ യൂശ്വല്‍ എന്റെ കണ്ണൊന്നു പരതും. അങ്ങനെയുള്ള എന്റെ പരതലിലാണു ആ സത്യം എനിക്കു മനസ്സിലായതു. ക്ലാസ്സിന്റെ ഏറ്റവുമറ്റത്തു ഇരിക്കുന്ന ഒരു കുട്ടി എന്നെ തന്നെ നോക്കിയിരിക്കും. ഞാന്‍ ചെന്നു സീറ്റില്‍ ഇരിക്കുംബോള്‍ വ്യൂ ബ്ലോക്ക്‌ ആവുകയാണെങ്കില്‍ അടുത്തിരിക്കുന്ന കുട്ടികളെ 'മ്യൂസിക്കല്‍ ചെയര്‍' കളിപ്പിച്ചു കറകറ്റ്‌ വ്യൂ കിട്ടും പാകത്തിനുവന്നിരിക്കും. എന്റെ ഒരു ഗ്രാമ്മറേ...!!!

രണ്ടു മാസത്തോളം ഈ കസേരകളി തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ എന്റ്രി നടത്തി കഴിഞ്ഞാല്‍ പേന കൈ കൊണ്ടു തൊടാതെ എന്റെ നേര്‍ക്കു ഇമവെട്ടതെ ദ്രിശ്ടി മിസ്സെയിലുകള്‍ തൊടുത്തു കൊണ്ടേയിരുന്നു. ഞാന്‍ ആകെ വിളറി വെളുക്കും. വായ്നോട്ടം ആണ്‍ വര്‍ഗത്തിന്റെ മാത്രം പുരുഷ സഹജമായ ഒരസുഖമാണെന്ന എന്റെ ധാരണ അന്നാണു തകരുന്നത്‌. ഒരക്ഷരം ഉരിയാടാനാവാതെ തല കുനിച്ച്‌ ഇരിക്കാന്‍ മാത്രമേ എനിക്കു സാധിക്കുമായിരുന്നുള്ളു. അന്നു ഞാന്‍ ഫുള്‍ സ്വിങ്ങില്‍ ഫീല്‍ടില്‍ ഇറങ്ങിയിട്ടില്ലല്ലോ. വളരെ വൈകാതെ തന്നെ ഈ കണ്‍കളി ക്ലാസ്സില്‍ ട്ടീച്ചര്‍ ഒഴികെ മറ്റ്‌ എല്ലാവര്‍ക്കും മനസ്സിലായി തുടങ്ങി. അടുത്തിരിക്കുന്ന 5-ആം ക്ലാസ്സിലെ പീക്കിരി ചെറുക്കന്‍ എന്നെ ഒരുമാതിരി ആക്കിയ ഒരു നോട്ടവും "അണ്ണാ കൊള്ളാമല്ലോ" എന്ന മട്ടില്‍ ഒരു ചിരിയും.

അങ്ങനെ 2 മാസം കഴിഞ്ഞു പോയി. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങുംബോള്‍ സഹപാഠികളായ പെണ്‍കുട്ട്യോള്‍ എന്നെ വളഞ്ഞു...'ഘരാവോ'..
"ഒന്നു നില്‍ക്കൂ ശാരിക്കു എന്തോ പറയാനുണ്ടു"
"എന്തു പറയാന്‍"
"അതു ഞങ്ങള്‍ക്കെങ്ങനെ അറിയാം..ഹി ഹി ഹി.." (പെണ്‍ സഹജമായ ആക്കിയ ചിരി)
അടുത്ത ടയലോഗ്‌ പറയും മുന്‍പു സ്ക്രീന്‍ ക്ലിയര്‍ ആയി നായിക രങ്ക പ്രവേശം നടത്തി. മറ്റ്‌ എല്ലാവരും സദസ്സൊഴിഞ്ഞു അടുത്ത ഇടവഴിയിലെ കോണിലായി മാറി നിന്നു - റിസള്‍ട്ട്‌ അറിയണമല്ലോ..ശാരി അടുത്തേക്കു വന്നു.
"ഹലോ"
ഞാനും "ഹലോ"
"എനിക്കൊരു കാര്യം പറയാനുണ്ടു"
എന്റെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയിരുന്നു. ഇങ്ങനെ ഒരു ദുര്‍ഖട സന്ധിയില്‍ മുന്‍പു വന്നു പെട്ടിട്ടില്ലല്ലോ. ബാക്കി കൂടെ കേള്‍ക്കാനോ, അവിടെ നില്‍ക്കാനോയുള്ള ധീരത എനിക്കില്ല.
ഞാന്‍ പറഞ്ഞു.."എനിക്കറിയാം എന്താ പറയാനുള്ളതെന്നു"
"അതെ അതു തന്നെ..."
ഇത്രയും പറഞ്ഞു എനിക്കു ഒരു സെക്കെണ്ടു പോലും തരാതെ ചിരിച്ചു കൊണ്ടു ശാരി ഓടി കൂട്ടുകാരികളുടെ അടുത്തേക്കു പോയി....ഞാന്‍ ഐസ്‌!!!!

തിരിച്ചു വീട്ടിലേക്കു നടന്നു. ഇതു വലിയ കുരിശായല്ലോ. ആരെങ്കിലും കണ്ടിരുന്നെങ്കില്‍ എന്റെ മാനം പോയേനെ എന്ന ചിന്ത എന്നെ വളരെയധികം അലട്ടി. നാളെ തന്നെ ഇതിനു പരിഹാരം കാണണം.

പിറ്റേന്നു സകല ശക്തിയും സംഭരിച്ചു ക്ലാസ്സ്‌ വിട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ശാരിയുടെ അടുത്തേക്കു ചെന്നു.
"എനിക്കൊരു കാര്യം പറയാനുണ്ടു"
ജയഭാരതി നസീറിനെ കണ്ടു കാലിലെ തള്ള വിരലു കൊണ്ടു രങ്കോലി ഇടുന്ന പോലെ എന്റെ മുന്നില്‍ തല കുനിച്ച്‌ നിന്ന് ശാരി ഒരു പൂക്കളം തന്നെ കാല്‍ കൊണ്ടു തീര്‍ത്തു.
"സോറി ഞാന്‍ അങ്ങനെയൊന്നും കരുതിയിട്ടില്ല.എന്നോടൊന്നും തോന്നരുതു"
പാവം കരണത്തടി കിട്ടിയ പോലെയൊരു റിയാക്ഷനായിരുന്നു ആ കുട്ടിയുടേതു. ഒന്നും മിണ്ടാതെയവള്‍ നടന്നകന്നു. മനസ്സില്‍ കുറ്റബോധം തോന്നുംബോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. My phone number is..."എന്നു പറയും പോലെ ഒരു ആശ്വാസം മനസ്സില്‍ തോന്നിയെങ്കിലും എന്തോ ഒരു വേദന. അടുത്ത 2-3 ക്ലാസ്സുകളില്‍ ശാരി വന്നതേയില്ല. ഞാന്‍ ആകെ പരിഭ്രമിച്ചു. അടുത്തിരിക്കുന്ന 5-ആം ക്ലാസ്സ്‌ ചെറുക്കന്‍ എന്നോടു പറഞ്ഞു "അണ്ണാ ആ ച്യേച്ചി യെന്റെ ച്യേച്ചിയുടെ കൂടെയാ പഠിക്കുന്നതു.ച്യേച്ചി പറഞ്ഞു ആ ച്യേച്ചി ആത്മഹത്യക്കു ശ്രമിച്ചുവെന്നു!!!!"

എന്റെ പറശ്ശിനിക്കടവു മുത്തപ്പാ...ഉത്തരം പറയേണ്ടി വരുമോ??ഞാന്‍ തൂങ്ങുമോ?? സി.ബി.ഐ. ടയറി കുറിപ്പു മനസ്സിലൂടെ പാഞ്ഞു പോയി. വല്ല കത്തും എഴുതിവെച്ചു കാണുമോ - ഞാനാണു കാരണം എന്നോ മറ്റോ??
"ഒള്ളതു തന്നേട്യേ" ഞാന്‍ അവനോടു ചോദിച്ചു.
"ഓ തന്നെ അണ്ണാ സത്യം"
സങ്ങതി കൈ വിട്ടു പോയി. അടുത്ത 2-3 ദിവസങ്ങളിലും അവള്‍ ക്ലാസ്സില്‍ വന്നില്ല. അവളുടെ കൂട്ടുകാര്‍ ഒരുമാതിരി റ്റി.ജി.രവിയെ നോക്കും പോലെയാണു എന്നെ നോക്കുന്നതു. അവസാനം രണ്ടാഴ്ച്ച കഴിഞ്ഞു ഒരു ദിവസം ശാരി ക്ലാസ്സില്‍ വന്നു. എനിക്കു എന്തെന്നില്ലാത്ത സമാധാനം. ആദ്യം നോക്കിയതു കൈയിലേക്കായിരുന്നു. വെയിന്‍ മുറിച്ചെങ്കില്‍ കൈ കെട്ടി വയ്ക്കുമല്ലോ. ഒന്നും കണ്ടില്ല. മുടിയെല്ലാം പാറിപറത്തി ശ്രീ കൃഷ്ണപ്പരുന്തിലെ സുന്ദരിയായ യക്ഷിയെ പോലെ. എന്റെ നേര്‍ക്കു നോക്കുന്നത്‌ പോലുമില്ല.

രത്ന ചുരുക്കം:
ഒടുവില്‍ 5-ആം ക്ലാസ്സുകാരനെ ഭീഷണിപ്പെടുത്തിയപ്പോഴാണു സത്യം അറിയുന്നതു. അവന്റെ "ച്യേച്ചി"യും കൂട്ടുകാരും കൂടെ അവനെ കൊണ്ടു കല്ലുവെച്ച നുണ പറയിപ്പിച്ചതാണു. എന്താ പറയുക..19-ആമത്തെ അടവെന്നൊക്കെ പറയില്ലേ...ലതാണു സംഭവം. 'സിമ്പതി വര്‍ക്കു ഔട്ടാക്കാന്‍' സിനിമയൊക്കെ ഒരുപാടു കാണുന്നതിന്റെ കുഴപ്പം. എന്തായാലും കണക്കിലെ ബിരുദാനന്ദര പഠനത്തിനായി ഞാന്‍ 10-ആം ക്ലാസ്സില്‍ മറ്റൊരു റ്റ്യൂഷന്‍ ക്ലാസ്സിലേക്കു മാറി. ശാരി വെറുമൊരോര്‍മ്മ മാത്രമായി.

വാല്‍ക്കഷ്ണം :
4 വര്‍ഷങ്ങള്‍ക്കു ശേഷം എഞ്ജിനീറിംഗ്‌ എന്റ്രന്‍സ്‌ ക്ലാസ്സിലെ അവിചാരിതമായി കണ്ടു മുട്ടിയ ഒരു സുഹൃത്തു വഴി ഞാന്‍ അറിഞ്ഞു...ശാരി മറ്റൊരുത്തനുമായി കട്ട ലയിന്‍ ആണെന്നു!! അവരൊരുമിച്ച്‌ ഐസ്‌ ക്രീം തിന്നാനൊക്കെ പോകുമത്രെ!! എന്റെ പറശ്ശിനിക്കടവ്‌ മുത്തപ്പാ ഞാന്‍ കാരണം ആ കുട്ടിക്കു ലയിന്‍ എന്ന പ്രസ്ഥാനത്തോടു പുഛം തോന്നിയില്ലല്ലോ. മറ്റൊരുത്തനെ കണ്ടു പിടിക്കാനും സാധിച്ചല്ലോ..ഞാന്‍ മനസ്സു കൊണ്ടു ഒരു ഫുള്‍ ബോട്ടില്‍ മുത്തപ്പനു നേര്‍ന്നു....

4 comments:

Nesmel Hussain said...

അണ്ണാ ഈ ചെറു പ്രായത്തില് ഇത്രയും വലിയ അടവൊക്കെ കിട്ടിയിട്ടും പിടിച്ചു നിന്നല്ലോ ..!!! അപാരം ...!!!

Salil said...

മച്ചു... കൊള്ളാം കിടിലന്‍...
എനിക്ക് പഴയ സ്കൂള്‍ ദയ്സ് ഓര്‍മ വന്നു....:)

Anonymous said...

pande vinayavum eliyamayum ninte mukhamudrakalrunnu.. ippolum neyathonnum kai vittittilla ennarinjathil santhosham.. [:)]odeda..avante oru shaari

Anonymous said...

ithu oru mathiri chori pidicha malayalam pole ondallo....
ethayalum ezhuthanum vaikkanum ariyam ennu prove cheythu...
keep it up :D