Sunday, February 10, 2008

Lt. Col. നായര്‍'സ്‌ പ്ലാന്‍

അര മാസത്തിന്റെ ബെഡ്ഡ്‌ റെസ്റ്റിനു ശേഷം സിനിമയില്‍ അര മണിക്കൂര്‍ കഴിഞ്ഞു ലാലേട്ടന്‍ എന്റ്രി നടത്തും പോലെ ഞാന്‍ ഫീല്‍ഡില്‍ ഇറങ്ങി. പ്രൈവറ്റ്‌ ബസ്സ്‌ ഉരസിയ കാല്‍ കാരണം രണ്ടു മാസത്തോളം വീട്ടില്‍ സുഖ ചികില്‍സയിലായിരുന്നു. "പുതിയ കളികള്‍ കളിക്കാനും ചിലതു കളിച്ച്‌ പഠിപ്പിക്കാനും" ചെറിയ ഒരു ഞൊണ്ടിക്കാലുമായി ഞാന്‍ സ്കൂളില്‍ പോയി തുടങ്ങി. അങ്ങനെ ഞാന്‍ ഒന്‍പതാം ക്ലാസിലായി. പിന്നെയും ജോഗ്രഫിയും, ഹിസ്റ്ററിയും,കണക്കും...അലക്സാന്‍ഡര്‍ ചക്രവര്‍ത്തിക്കു എത്ര കുട്ടികള്‍ ഉണ്ടായിരുന്നെന്നോ, വടക്കേ ആഫ്രിക്കയിലെ ഏതൊക്കെ ചേരികളിലൂടെയാണു പുഴ ഒഴുക്കുന്നതെന്നോ എന്തിനാണു പഠിച്ചതെന്ന് അമ്മച്ചിയാണേ ഇന്നു വരെ എനിക്കു മനസ്സിലായിട്ടില്ല. എങ്കിലും ഗതികേട്‌. പച്ച മലായാളത്തില്‍ മമ്മുക്ക പറയും പോലെ " mutinuous hallucinations of an adolascent absolved - മീശ മുളയ്ക്കാത്തവന്റെ വിപ്ലവ വിഭ്രാന്തിക്കു നിരുപാധികം മാപ്പു". ഒരേയൊരു പ്രതീക്ഷ മാത്രം..ശനിയാഴ്ച മുതല്‍ റ്റ്യൂഷന്‍ ക്ലാസുകളില്‍ പോയി തുടങ്ങാം." ആ ഗ്ലാമര്‍ ചുള്ളന്‍ എവിടേ?" എന്നു കുട്ട്യോള്‍ അന്വേഷിക്കുന്നുണ്ടാകുമോ?? ഞാന്‍ ഞൊണ്ടിക്കാലുമായി ക്ലാസ്സില്‍ കയറുംബോള്‍ "അയ്യോ എന്തു പറ്റി" എന്നു ചോദിച്ച്‌ അടുത്തേക്കു ഒാടി വരുമോ ആവോ എന്ന 2 ഓപ്ഷന്‍സില്‍ മാത്രമായിരുന്നു എന്റെ കണ്‍ഫൂഷന്‍;അതല്ലാതെ വേറെയും ഓപ്ഷന്‍സ്‌ ഉണ്ടെന്നു ഞാന്‍ താമസിയാതെ മനസ്സിലാക്കി. എന്റ്രന്‍സ്‌ ഒബ്ജെക്റ്റീവ്‌ പരീക്ഷയില്‍ ഒരുമാതിരി ആടിനെ പട്ടിയാക്കും പോലെ "നണ്‍ ഓഫ്‌ ദ എബവ്‌" എന്ന ഒടുക്കലത്തെ ഒരു ഓപ്ഷന്‍.

പതുക്കെ ഞൊണ്ടി റ്റ്യൂഷന്‍ ക്ലാസ്സില്‍ എത്തി. കുട്ട്യോളൊക്കെ അടക്കം പറഞ്ഞു - ഒരുമാതിരി ആക്കിയ ഒരു ചിരി. എന്റെ സര്‍വ്വ പ്രതീക്ഷകളും തകര്‍ന്നു. മര്യാദയ്ക്കു റോഡില്‍ കൂടി നടക്കാന്‍ പോലും ഈ ചെറുക്കനു അറിയില്ലേ എന്ന ഭാവത്തില്‍. ഭഗവാനേ!!! എന്നെ പരീക്ഷിച്ച്‌ മതിയായില്ലേ എന്ന ഭാവത്തില്‍ ഞാനും. മുകേഷിന്റെ മാസ്റ്റര്‍ പീസായ വളിച്ച ഒരു ചിരി ഫിറ്റ്‌ ചെയ്ത്‌ ഞാന്‍ ക്ലാസ്സില്‍ ഇരുന്നു. ഇതു വരെ കഷ്ടപെട്ടു ഉണ്ടാക്കിയെടുത്ത "ഇമ്പ്രെഷന്‍" കമ്പ്ലീറ്റ്‌ അലിഞ്ഞടങ്ങി. "ഐസ്‌ ക്രീം കട്ടിപിടിച്ചിരിക്കുന്നത്‌ കൊണ്ടു കഴിക്കാന്‍ വയ്യാത്ത കാരണം എന്നാല്‍ പിന്നെ ഒരു മിനിറ്റ്‌ മൈക്രോവേവില്‍ വെച്ചു ചൂടാക്കിയേക്കം"എന്ന് വിചാരിച്ച പോലെ മരവിച്ചിരുന്ന ഞാന്‍ അലിഞ്ഞില്ലാതായി. എങ്കിലും പതിവ്‌ മുടങ്ങരുതല്ലോ എന്നു കരുതി ട്ടീച്ചര്‍ ബോര്‍ടിലേക്കു തിരിയുംബോള്‍ കണ്ണുകള്‍ ആ റൂം മൊത്തം ഒന്നു പരതി. പഴയ ബാച്ചിലെ അതേ മുഖങ്ങള്‍...കാലു എങ്ങനെയുണ്ടെന്ന ചിലരുടെ ചോദ്യത്തിനു ഇതൊക്കെ ഒരു കാലാണോ; "കൊക്കെത്ര കൊളം കണ്ടതാ"എന്ന തിലകന്‍ സ്റ്റയ്‌ലില്‍ സില്ലി ബോയ്സിനോടു മുദ്ര കൊണ്ടു കാണിച്ചു. ഒന്നു രണ്ടു കുട്ട്യോള്‍ അതു കണ്ടു "ഹൊ ഭയങ്കരം തന്നെ" എന്ന എക്സ്പ്രെശ്ശന്‍ തന്നു. "അല്ലെങ്കിലും അച്ചായനു പള്ളിയില്‍ പോകാന്‍ തോന്നുന്ന ദിവസമൊന്നും ഞായറാഴ്ച്ച അല്ല..അതു കൊണ്ടാ അതിയാന്‍ പോവാത്തെ" എന്നു പറയും പോലേ കുട്ട്യോളൊന്നും പോര..നമ്മുടെ ഒരു റേഞ്ജിനു എത്തില്ല. ഒള്ളതു കൊണ്ടു ഓണം പോലെ എന്ന കഠിനമായ തീരുമാനത്തില്‍ എത്താന്‍ കഷ്ടിച്ച്‌ ഒരു സെക്കന്‍ഡ്‌ മാത്രമുള്ളപ്പോള്‍ എന്റെ കണ്ണ്‍ ക്ലാസ്സിന്റെ ഒരു കോണില്‍ ചെന്നുടക്കി നിന്നു...

കഴിഞ്ഞ ബാച്ചിലില്ലാത്തിരുന്ന പുതിയ ഒരു കുട്ടി!!! ഇല്ല മോനേ ദൈവം നിന്നെ കൈവിട്ടിട്ടില്ല.രണ്ടര മാസം നിന്നെ 'പണ്ടാരക്കാലനാക്കിയതു' കുറച്ച്‌ കൂടി പോയെന്നു പുള്ളിക്കും തോന്നിക്കാണും. നല്ല പട്ട്‌ പാവാടയും,ജിമിക്കിയുമൊക്കെ ഇട്ട്‌ (അതു ഒരു വീക്ക്നസ്‌ ആണു - അതും ഒരു രോഗമാണോ ടോക്ടര്‍??) ഒരു കുട്ടി. ഞാന്‍ നോക്കി ഒരു ചിരി പാസ്സാക്കി. ജഗതി പറയും പോലെ "കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി". തിരിച്ചും കിട്ടി മനോഹരമായ ഒരു പുഞ്ചിരി. ഉറപ്പിച്ചു... ഇവളു തന്നെ. ഇനി ടിലയ്‌ ഇല്ല. പ്രായമൊക്കെ ആയി...ആളെയും കണ്ടെത്തി..ഇനി എല്ലം ഷഢപഢെ ഷഢപഢെ എന്ന് തീര്‍ക്കണം.

ഒരു മാസത്തോളം കണ്ണു കൊണ്ടുള്ള നവരസങ്ങള്‍ മാത്രമായിരുന്നു എന്റെ ആയുധം. ബോയ്സ്‌ ഒന്‍ലി സ്കൂളില്‍ പഠിക്കുന്ന പയ്യനു ആദ്യമായി ഒരു പെണ്ണിനോടു - അതും ലൈന്‍ അടിക്കാന്‍ പോകുന്ന പെണ്ണിനോടു സംസാരിക്കാന്‍ ഒരു ഇതു..മനസ്സിലായില്ലേ..ഒരു ഇതു..ക്ലാസ്‌ വിട്ടു കഴിഞ്ഞു ഒരു പത്ത്‌ മിനിറ്റ്‌ ഒരേ പാതയില്‍ കൂടെ വേണം ഞങ്ങള്‍ക്കു നടക്കാന്‍. ഒരു ദിവസം രണ്ടും കല്‍പ്പിച്ച്‌ ഞാനൊരു "ഹലോ" അങ്ങടു കാച്ചി. തിരിച്ചും "ഹലോ". പിന്നെ രങ്കം ഷൂന്യം."കര്‍ട്ടന്‍ ഇടെടേ..ടയലോഗ്‌ മറന്നു"എന്നു പറയാന്‍ പറ്റില്ലല്ലോ. സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ ഇന്റ്രൊട്യുസ്‌ ചെയ്തു. അപ്പോഴാണറിയുന്നതു എന്റെ ബസ്സ്‌ ആസ്കിടന്റിന്റെ വിവരമൊക്കെ എതോ ഗോസിപ്പ്‌ ക്ലാസ്മേറ്റ്‌ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഹീറൊയെ ലോഞ്ച്‌ ചെയ്യുന്നതിനു മുന്‍പു തന്നെ അപകടം തരണം ചെയ്തു വന്ന സണ്ണി ഡിയോള്‍ ആണെന്ന ഒരു ഇമ്പ്രെശ്ശന്‍ ആ കുട്ടിക്കു കൊടുത്തിട്ടുണ്ടെന്നും. കാട്ടിലെ തടി തേവരുടെ ആന എന്ന പോല്‍ ആ കച്ചി തുരുംബില്‍ പിടിച്ച്‌ ഞാന്‍ കയറി. "ഭയങ്കര ഭാഗ്യമാണു.ഞാന്‍ ആയത്‌ കൊണ്ടു മാത്രം ആ സമയത്ത്‌ ബോധം പോകാതെ മനസ്സിന്റെ ബലം കാത്ത്‌ സൂക്ഷിച്ചു നിന്നു." ആ കുട്ടിയുടെ നെറ്റിയിലെ ചന്ദനക്കുറി കണ്ടു "എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം" എന്ന ഒരു ടയലോഗും ചേര്‍ത്തു. ചന്ദനത്തിനു പകരം കൊന്തയാണെങ്കില്‍ "എല്ലം കര്‍ത്തവിന്റെ അനുഗ്രഹം..പ്രൈസ്‌ ദെ ലോര്‍ഡ്‌" എന്നും മോഡിഫൈ ചെയ്യാനുള്ള ബള്‍ബും തലയില്‍ കത്തിയിരുന്നു.ഏതായാലും ഗുരുവായുരപ്പന്‍ നമ്പര്‍ ശെരിക്കും ഏറ്റു.ഭയങ്കര സംഭവം തന്നെ എന്ന രീതിയില്‍ ആ കുട്ടി അംബരന്നു നില്‍ക്കുംബോള്‍ ഇറ്റ്‌ ഇസ്‌ ഓകയ്‌...സാരമില്ല കുട്ടി..ഇതൊക്കെയല്ലേ ജീവിതം എന്ന എക്സ്പ്രെശ്ശന്‍ ഹ്യ്‌ല്യ്റ്റ്‌ ചെയ്തു ഞാനും...

എല്ലാ ദിവസവും റ്റ്യൂഷന്‍ കഴിഞ്ഞു നടക്കുന്ന പത്ത്‌ മിനിറ്റു - നമ്മുടെ സംസാര സമയം അതു മാത്രമായിരുന്നു. ഇന്നത്തെ പോലെ മൊബില്‍ ഫോണും ഇന്റര്‍നെറ്റും അന്നില്ലല്ലോ. സ്കൂളില്‍ പോയി പയ്യന്മാരൊടു സങ്കതി ഫ്ലാഷ്‌ ചെയ്തു..അളിയാ എനിക്കു അസ്തിയില്‍ പിടിച്ച പ്രേമമാണെന്നു.ലവന്മാരുടെ ഫുള്‍ സപ്പോര്‍ട്ട്‌!! അന്നത്തെ ഹിറ്റ്‌ ഹിന്ദി പാട്ടുകള്‍ പാടി ഞാന്‍ നടന്നു...അതു മറ്റൊരു സ്യ്യ്ക്കോളജി - സ്കൂളിലോ കോളേജിലോ ലയിന്‍ തോന്നിയാല്‍ പയ്യന്മാര്‍ ഹിന്ദി പാട്ട്‌ മാത്രമേ പാടൂ..നോ മലയാളം..ഇനി അഥവാ ലയിന്‍ പൊട്ടിയാല്‍ (ആസ്‌ ആള്‍വയിസ്‌) മലയാളം ശോക ഗാനങ്ങല്‍ മാത്രം. എന്തൊക്കെ കാണണം ഒരു മനുഷ്യ ജന്മം തീരണമെങ്കില്‍!!! എല്ലാം സ്മൂത്തായി മുന്നോട്ടു പോകുന്നു. പക്ഷെ ഇതു വരെ നോം ഇഷ്ടം വേളിപെടുത്തിയിട്ടില്ലാട്ടോ..പയ്യന്മാര്‍ ചോദിച്ചു തുടങ്ങി സ്ധിരം ചോദ്യം "അളിയാ നീ സീരിയസ്‌ ആണോ??"ഒരു ഒന്‍പതാം ക്ലാസുകാരന്റെ സകല ചങ്കൂറ്റത്തോടെയും ഞാന്‍ പറഞ്ഞു "നീ ഇങ്ങനത്തെ ചോദ്യം ഒന്നും ചോദിക്കരുതു..ഞാന്‍ കട്ട സീരിയസ്‌". സ്യ്ഡില്‍ എല്ലം മാറി നിന്നു കേട്ടുകൊണ്ടു നിന്ന സുരേഷ്‌ ചോദിച്ചു "ഹിന്ദുവാണു അപ്പൊ അതു ഓകയ്‌..പക്ഷേ ജാതി ഏതാ??നായരാണോ?!!!!"

ആ ചോദ്യം ഒരു എക്കോ പോലേ അവിടെങ്ങും മുഴങ്ങി. "ശെരിയാണല്ലോ മച്ചാ, ജാതി വേറെ ആണെങ്കില്‍ നിന്റെ വീട്ടുകാര്‍ സമ്മതിക്കുമോ?" എന്റെ തല വട്ടം കറങ്ങാന്‍ തുടങ്ങി. ഗായത്രി ട്ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന 'പാനിപട്ട്‌' യുദ്ധം 'പാനി' ആയാല്‍ അതു 'പട്ട' തന്നെ ആകണം എന്ന ഒരു പ്രതീതി. അടുത്ത്‌ ഒരാഴ്ച ക്ലാസില്‍ കൂലംകശമായ ചര്‍ച്ച - ജാതി ഏതാണെന്നു കണ്ടു പിടിക്കണം. സുരേഷിന്റെ ചോദ്യം "ഇനിഷ്യല്‍ എന്താണു?"
ഞാന്‍ പറഞ്ഞു " A"
"A വെച്ച്‌ എത്രയധികം പേരുകളുണ്ടു അതു കൊണ്ടു അപ്പന്റെ പേരു വെച്ചു ജാതി കണ്ടുപിടിക്കാം എന്ന ചാന്‍സില്ല".
അടുത്ത്‌ എല്ലാം കേട്ടു മാറി നിന്ന മണ്ടന്‍ ഗണേഷന്റെ ടയലോഗ്‌ :"A - അപ്പോ അപ്പുകുട്ടന്‍ എന്നായിരിക്കും അല്ലേ അളിയാ"
എനിക്കെന്റെ കൊണം തെറ്റി "അതേടാ അപ്പു കുട്ടന്‍ നായരെന്നാ എന്താ പോരേ!!"
"അളിയാ നീ ചൂടാവാതെ.അവന്‍ ഒരു തമാശ പറഞ്ഞതല്ലേ"
"മനുഷ്യന്റെ ജീവിതം വെച്ചാണോ തമാശ. ഒരു കാര്യം ചെയ്യാം നേരിട്ടു പോയി ചോദിച്ചാലോ?"
"അതെ പശ്ട്ടായിരിക്കും..കുട്ടിയുടെ ജാതി എന്താ എന്നു നേരിട്ടു ചോദിച്ചാല്‍"
"അങ്ങനെ അല്ലെടാ..സൂത്രത്തില്‍ കറക്റ്റായി പ്ലാന്‍ ചെയ്തു കണ്ടു പിടിക്കണം.."

അങ്ങനെയാണു ചരിത്ര പ്രധാനമായ്‌ 'നായര്‍'സ്‌ പ്ലാന്‍' രൂപം കൊണ്ടതു. പട്ടാളക്കാര്‍ പറയാറുള്ള ചുമ്മാ കഥകളല്ല.ഒരു ഒന്‍പതാം ക്ലാസ്സുകാരന്റെ ജീവിതവും മരണവും തീരുമാനിക്കുന്ന ഒറിജിനല്‍ നായര്‍'സ്‌ പ്ലാന്‍. ഉച്ചക്കു ഊണു കഴിക്കുംബോഴും ക്ലാസ്‌ റൂമിലും ഇതു മാത്രമായി ചര്‍ച്ചാ വിഷയം. ഒടുവില്‍ സ്റ്റ്രാറ്റജി രൂപപ്പെടുത്തി എടുത്തു. മാസ്റ്റര്‍ പ്ലാന്‍. അടുത്ത ശനിയാഴ്ച്ച ഇമ്പ്ലെമന്റ്‌ ചെയ്യപ്പെടും..

Lt. Col. നായര്‍'സ്‌ പ്ലാന്

‍ശനിയാഴ്ച ട്ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുംബോള്‍ ഞാന്‍ ഒരു ധീര ജവാനെ പോലെ തയ്യാറെടുക്കുകയായിരുന്നു. ഓരോ നീക്കവും കരുതലോടെ വേണം.ഒരു ചെറിയ തെറ്റ്‌ പറ്റിയാല്‍ എല്ലാം കഴിഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞു. കുട്ടികള്‍ പതുക്കെ ക്ലാസ്സില്‍ നിന്നിറങ്ങി തുടങ്ങി..പത്തു മിനിറ്റ്‌ യാത്രയുള്ള പാതയാണു 'റ്റാര്‍ഗറ്റ്‌ ടെസ്റ്റിനേഷന്‍'. മമ്മുക്കയുടെ നായര്‍ സാബിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരു മിസ്സ്യ്‌ല്‌ തൊടുത്തു..
"Excuse Me "
"എന്താ"
"കുട്ടിയുടെ അച്ഛന്റെ പേരു അരവിന്ദന്‍ എന്നാണോ?"(സുരേഷിന്റെ ഐഡിയ ആണു ഈ പേരു.കുറച്ചു സ്റ്റ്യ്‌ലിഷ്‌ ആണു എന്നാലും പഴഞ്ചന്‍).
"അല്ല".
അവിടെ തീര്‍ന്നു കളി. പ്ലാന്‍ പ്രകാരം - അല്ല ഇതാണു എന്നു പറഞ്ഞു അച്ഛന്റെ പേരു പറയണം. പക്ഷേ "അല്ല" എന്ന ഒറ്റ വാക്കില്‍ ഉത്തരം നിര്‍ത്തി. രാജന്‍.പി.ദേവ്‌ തൊമ്മനും മക്കളിലും പറയും പോലെ "**ഞ്ജി" എന്ന പദം ഒരു "ഫൗജിക്കു" ചേരില്ലാത്തതു കൊണ്ടു രണ്ടും കല്‍പിച്ച്‌ ഞാന്‍ ചോദിച്ചു.
"പിന്നെ എന്താ പേരു?"
"രാജു എന്നാണു"
"അല്ല..അപ്പോ ഇനിശ്യല്‍ A?"
"അതു വീട്ട്‌ പേരാണു - അറയ്ക്കല്‍"
പഷ്ട്‌ മണ്ടന്‍ ഗണേഷന്റെ ഒരു അപ്പുകുട്ടന്‍..കൂതറ പേരു..പക്ഷേ പേരിന്റെ കൂടെ ജാതിയില്ല.പ്ലാന്‍ മൊത്തത്തില്‍ പൊട്ടി. ഒരു അരവിന്ദാക്ഷന്‍ നായരാണു പ്രതീക്ഷിച്ചതു.
"എന്താ ചോദിച്ചതു?!!!"

ഹിറൊഷിമയിലാണോ നാഗാസാക്കിയിലാണോ ഞാന്‍ ആ സമയം എന്ന ഒറ്റ ടൗവ്ട്ട്‌ മാത്രമേ എന്റെ മനസ്സിലുള്ളൂ. ഈ ടയലോഗു ഞങ്ങളുടെ സ്ക്രിപ്റ്റില്‍ ഇല്ല. ഈ കുട്ടി ഇങ്ങനെ ചോദിക്കുമെന്നു കൂടെ നിന്ന് മിശ്ശന്‍ പ്ലാന്‍ ചെയ്ത ഒരു മരത്തലയന്റെ മണ്ടക്കു ഉദിച്ചതുമില്ല. വികട സരസ്വതിയെ മനസ്സില്‍ ധ്യാനിച്ചു പച്ച പുളുവില്‍ ഒരു കാച്ചങ്ങടു കാച്ചി.
"ഇന്നലെ ബാങ്കില്‍ പോയപ്പോള്‍ ഒരാളെ കണ്ടു. കണ്ടാല്‍ കുട്ടിയെ പോലെ ഇരിക്കും.അതു കൊണ്ടു ചോദിച്ചതാണു."
ദര്‍ബാര്‍ രാഗത്തില്‍ ലാലേട്ടന്‍ പാടിയപ്പോള്‍ ഉസ്റ്റാദ്‌ ഫ്ലാറ്റായിക്കാണും; പക്ഷെ എന്റെ ഈ പുളു കേട്ടു ആ കുട്ടിക്കു നല്ല ഒന്നാന്തരം പുളുവായി തന്നെ തോന്നി. വലിയ തരക്കേടില്ലാത്ത ഒരു നമ്പര്‍ എന്ന എന്റെ സകല പ്രതീക്ഷകളേയും തകിടം മറിച്ചു "പ്ലീസ്‌ ടോന്റു ടിസ്റ്റര്‍ബ്‌" എന്നു കണ്ണു കൊണ്ടു മെസ്സേജ്‌ നല്‍കി ആ കുട്ടി നടന്നകന്നു.

പട്ട്‌ പാവാടയും ജിമിക്കിയുമൊക്കെ ഒരു പുകമറ മാത്രമായി. വാക്കി ട്ടാക്കി ഉണ്ടായിരുന്നുവെങ്കില്‍ മിശ്ശന്റെ റിസല്‍ട്ട്‌ അറിയാന്‍ ഉത്സുകരായി കാത്തിരിക്കുന്ന അണ്ണന്മാരെ വിളിച്ച്‌ പറയാമായിരുന്നു "എട്ട്‌ നിലയില്‍ പൊട്ടി എന്നു".

അങ്ങനെ Lt.Col. നായര്‍'സ്‌ പ്ലാന്‍ "Last ഇല്‍" "Col അമായ" നായര്‍'സ്‌ പ്ലാന്‍ ആയി പരിണമിച്ചു....

1 comment:

Nesmel Hussain said...

col-amaakkiya plan col-laam. ini 10-aam klaasil enthu kaanichu kootti ennariyaan aakaamkshayode kaathirikkunu.