Tuesday, February 5, 2008

കൊടുത്താല്‍ കൊച്ചിയിലും കിട്ടും!!!

എട്ടാം ക്ലാസ്സിന്റെ വേനലവധി കഴിയാറായി. ഒന്‍പതാം ക്ലാസ്സിന്റെ കൈ പിടിച്ച്‌ കയറ്റാനും, ചില നാടുകളില്‍ ഒന്‍പത്‌ ദുശ്ശകുനം ഉള്ള ഒരു നമ്പര്‍ ആയത്‌ കൊണ്ടു അതിന്റെ ശാപമേക്കാതിരിക്കാനും, കൗമാര പ്രായത്തില്‍ തരുണീ മണികളുടെ "ഒരു നോട്ടം കൂടി"കിടയ്ക്കാനുമുള്ള ഇങ്കിതത്തിനായി പ്രാര്‍ഥിക്കാന്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്റെ സന്നിധിയില്‍ തൊഴുതു മടങ്ങുന്ന സമയം. പ്രായത്തിന്റെ കുഴപ്പമാണോ അതൊ "ഇതൊരു രോഗമാണൊ ഡോക്ടര്‍"എന്ന് ചോദിക്കുന്ന പോലെ അംബലത്തില്‍ തൊഴുത്‌ കൊണ്ടു നില്‍ക്കുംബോള്‍ എവിടെ എങ്കിലും ഒരു പട്ടു പാവട കണ്ടാല്‍ ഭഗാവനെ മറന്ന് നയനങ്ങള്‍ അതിന്റെ പിന്നാലെ അലയുന്നത്‌ എത്ര ലീലാ വിലാസനായാലും ഗുരുവായൂരപ്പനു പിടിക്കില്ല എന്നുള്ളത്‌ ഞാന്‍ വളരെ വൈകിയാണു മനസ്സിലാക്കിയത്‌. "ഈ പാപത്തിനു നിനക്ക്‌ നരകം കിട്ടുമെടാ" എന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്‌. അവരുടെ ജെനെരേഷനില്‍ എങ്ങനെ ആയിരുന്നു എന്നറിയില്ല. ഇപ്പോഴൊക്കെ "ഓന്‍ തെ സ്പോട്ട്‌" ആണു. സ്വര്‍ഗ്ഗത്തിലും കാണും ഒരു സൂപ്പര്‍ ട്യൂപ്പര്‍ കമ്പ്യൂട്ടര്‍. പക്ഷേ അതറിയാന്‍ ഈയുള്ളവന്‍ വൈകിയതെന്തു...

കണ്ണിനു കുളിര്‍മയുള്ള കാഴ്ചകള്‍ കണ്ടു രാത്രി ശീവേലിയും കഴിഞ്ഞു കുട്ട്യോളൊക്കെ മടങ്ങി പോയി. ഇനി പ്രത്യേകിച്ച്‌ അവിടെ നിന്നിട്ടു കാര്യമൊന്നുമില്ല എന്നു മനസ്സിലാക്കി അച്ഛനോട്‌ വിശക്കുന്നു എന്ന ഒരു നമ്പറും ഇട്ട്‌ ഞാനും തിരികെ നടന്നു. ദോഷം പറയരുതല്ലോ നമ്പര്‍ ഇടാന്‍ ഞാന്‍ അന്നേ ഒരു മിടുക്കന്‍ ആയിരുന്നു. "എന്നെ സമ്മതിക്കണം"!!! നേരെ ഇറങ്ങി "ഹോട്ടല്‍ എല്യ്റ്റ്‌"ന്റെ മുന്‍പിലുള്ള ദോശക്കടയില്‍ കയറി ഒരു നെയ്യ്‌ റോസ്റ്റും ചൂട്‌ കാപ്പിയും തട്ടി ഇരുന്നപ്പോള്‍ അവിടെയും നല്ല ജിമിക്കി കമ്മലുമായി മൂന്നു നാലു കുട്ട്യോള്‍. നെടുമുടി പറയും പോലെ "വയ്യ, മടുത്തു, കഷ്ടപെട്ടു, ബുദ്ധിമുട്ടി" ഇത്രയും ദൂരം വന്ന് പ്രാര്‍ദ്ധിച്ചിട്ട്‌ ഫലം ഉണ്ടാകുമോ എന്ന് ഒരാത്മഗതം പറഞ്ഞു നെടുവീര്‍പ്പുമിട്ട്‌ ബ്രൂ കാപ്പി കുടിച്ച്‌ തീര്‍ത്തു.

മറ്റന്നാള്‍ സ്കൂള്‍ തുറക്കും.ബേബി ശ്യാമിലിയുടെ (ഇപ്പോള്‍ ബേബി അല്ല എങ്കിലും വിളിച്ച്‌ ശീലിച്ചു പോയി.ആള്‍ക്കാര്‍ ഇപ്പൊഴും ബേബി ശാലിനി എന്നു വിളിക്കും പോലെ-വിളിച്ച്‌ വിളിച്ച്‌ ശാലിനിക്ക്‌ ഒരു ബേബി ആയി)പരസ്യം പോലെ പുതിയ കുട, പുതിയ ബാഗ്‌ എന്നൊക്കെ പറഞ്ഞ്‌ ഞാന്‍ അച്ഛനെ പിരികയറ്റി തുടങ്ങി. അരുമയ്ക്കു എരുമയായ മകനല്ലേ എന്നു കരുതി പുള്ളി റൂട്ട്‌ മാപ്പില്‍ ഒരു ഹാള്‍ട്ട്‌ രേഖപ്പെടുത്തി - എര്‍ണാകുളത്തു ഷോപ്പിംഗ്‌.കൊച്ചി കണ്ടവനു അച്ചി വേണ്ട എന്ന പഴമൊഴി ടെമോക്ലസ്സിന്റെ വാളു പോലെ തലയ്ക്കകത്ത്‌ കിടക്കുന്നത്തു കൊണ്ടു കൊച്ചിയില്‍ ചുറ്റണ്ട എന്നു ഞാന്‍ വ്യക്തമാക്കി. ഈ ഇളം പ്രായത്തില്‍ എങ്ങാനും ആ പഴഞ്ചൊല്ലി കയറി അങ്ങു ഫലിച്ചാലോ??എന്നൊരു ആഷങ്ക (പേടിയല്ല - ആഷങ്ക - നോട്ട്‌ തെ പോയിന്റ്‌ യുവര്‍ ഓവ്നര്‍)

ഉടുപ്പി ആനന്തഭവനില്‍ മുറി എടുത്തു.പിറ്റേ ദിവസം ഷോപ്പിംഗ്‌. ബാഗും, ഷൂസും ഉള്‍പ്പെടെ സകല സ്ഥാപന ജങ്കമ വസ്തുക്കള്‍ തൊട്ടു പണി ആയുധമായ ജോമട്രി ബോക്സ്‌ വരെ വാങ്ങി കൂട്ടി.എല്ലം ഭങ്ങിയായി പൂര്‍ത്തിയായി.ഇനി ഇതും ഇട്ട്‌ സ്കൂളില്‍ പോയാല്‍ മാത്രം മതി. പക്ഷേ സ്കൂള്‍ ഒരു മരുഭൂമിയാണു. തെറ്റിധ്ധരിക്കണ്ട ഈയുള്ളവന്‍ പഠിച്ചതു രാജസ്താനിലോ അബുദാബിയിലോ ഒന്നും അല്ല. സ്കൂളില്‍ പച്ചപ്പില്ല - ബോയ്സ്‌ ഒന്‍ലി.പിന്നെ ആരെ കാണിക്കാനാടാ ഈ കെട്ടിമാറാപ്പു എന്നു ന്യായമായ സംഷയം ഉയരും. അതിനു ഒറ്റ ഉത്തരമേ ഉള്ളു - റ്റ്യൂഷന്‍സ്‌. എന്നെ പോലുള്ള ബൊയ്സ്‌ ഒന്‍ലി സ്കൂളുകാര്‍ക്കു പരോളിലിറങ്ങിയ പ്രതിയെ പോലെയാണു റ്റ്യൂഷന്‍ ക്ലാസ്സുകള്‍.രണ്ടെടത്തും പഠിപ്പീരു തന്നെ എന്നാ പിന്നെ കുറച്ച്‌ രസിച്ച്‌ പഠിച്ചുടെ എന്ന ചിന്ത. കുറ്റ്യോള്‍ടെ മുന്നില്‍ നല്ല മാര്‍ക്ക്‌ വാങ്ങിയാല്‍ ഹീറോ ആകാം എന്നു ആരോ പറയുന്നത്‌ എവിടെയോ കേട്ടതിന്റെ പിന്നാലെ ഈയുള്ളവന്‍ മൂന്നും കല്‍പിച്ച്‌ പഠിച്ച്‌ റ്റ്യൂഷന്‍ ക്ലാസിലെ ടോപ്പര്‍ എന്ന ലിസ്റ്റില്‍ സ്വയം ഇടം പ്രാപിച്ചു.

സ്കൂളില്‍ പഠിക്കുംബോള്‍ പഠിക്കുന്ന പയ്യന്മാരോടും കോളേജില്‍ പഠിക്കുംബോള്‍ അലംബുന്ന അണ്ണന്മാരോടുമാണു തരുണീമണികളുടെ ഹൃദയം ആകര്‍ഷിക്കാറുള്ളതു എന്നു പൊതുവേ ഒരു ധാരണ ഉണ്ടു. ഈ ഒരു പ്രോസസ്സ്‌ എങ്ങനെയാണെന്നു "എല്ലം അറിയുന്നവന്‍ ഞാന്‍" എന്നു പറയുന്ന ആറാം തംബുരാനു പോലും അറിയാം എന്നു എനിക്കു തോന്നുന്നില്ല.2 വര്‍ഷം കൊണ്ടു "കമ്പ്ലീറ്റെലി ടയഗണലി ഓപ്പോസിറ്റ്‌" ആയ കാര്യങ്ങളെ ഇഷ്ടപെടാന്‍ ദൈവം അറിഞ്ഞു നല്‍കിയ ഒരു വരദാനം അവര്‍ക്കുണ്ടാകുമായിരിക്കും.റ്റ്യൂഷന്‍ ക്ലാസ്സിലെ പല നിറത്തിലുള്ള യൂണിഫോര്‍മുകളെ സ്വപ്നം കണ്ടു അന്നു രാത്രി സുഖമായി ഉറങ്ങി.

പിറ്റേന്നു - അതു ഒരു ഒന്നു ഒന്നര പിറ്റേന്നായിരുന്നു.

ദൈവം എനിക്കായി കരുതി വെച്ചിരുന്ന "പോസ്റ്റ്‌ പ്രൊടക്ഷന്‍ ടെഫെക്റ്റ്‌" വെളിപാടായ ദിവസം. ഞങ്ങള്‍ ഹോട്ടല്‍ റൂം വെക്കേറ്റ്‌ ചെയ്ത്‌ തിരിച്ചു അനന്തപുരിയിലെക്ക്‌ യാത്രക്കൊരുങ്ങി.എന്നും ലോങ്ങ്‌ ട്ര്യ്‌വ്വുകളില്‍ അച്ഛന്റെ സന്തത സഹചാരിയായിരുന്ന അംബാസടര്‍ കാര്‍ റെടി ആയി കിടക്കുന്നു. കാലന്‍ ടിസ്റ്റില്‍ഡ്‌ വാട്ടറിന്റെ രൂപത്തിലാണു പ്രത്യെക്ഷപ്പെട്ടത്‌.(ഇന്നത്തെ നൂതന ആഡംബര വാഹനങ്ങള്‍ മാത്രം അറിയുന്നവര്‍ക്കയി - ബാറ്ററിയിലൊഴിക്കുന്ന ഒരു തരം വെള്ളത്തെയാണു ടിസ്റ്റില്‍ഡ്‌ വാട്ടര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്നതു). അടുത്ത ജങ്ക്ഷനിലെ പെട്രോല്‍ പമ്പില്‍ നിന്നും ഈ സാധനം വാങ്ങി കൊണ്ടു വരാന്‍ അച്ഛന്‍ എന്നെ നിയൊഗപ്പെടുത്തി. ഹോട്ടലില്‍ നിന്നിറങ്ങി 500 മീറ്റര്‍ അപ്പുറത്താണു ഈ പമ്പ്‌.ഇന്നലത്തെ സ്വപ്നത്തിന്റെ ഹാങ്ങ്‌ ഓവറില്‍ എളുപ്പം നാട്ടിലെത്താനുള്ള കൊതിയില്‍ (ആക്രാന്തമല്ല - കൊതി)ഞാന്‍ ഓടിത്തുടങ്ങി.ചുവരില്‍ ഒരു സിനിമ പോസ്റ്റര്‍- അതു ലാലേട്ടന്‍ ആണോ മമ്മുക്കയാണോ, പടത്തിന്റെ പേരേതാ എന്നു നോക്കാനുള്ള സമയം പോലും കിട്ടാതെ ഫുട്ട്‌ പാത്തില്‍ ഇളകി കിടന്ന ഒരു സ്ലാബില്‍ കാല്‍ തട്ടി ജാക്കി ചാന്‍ സ്റ്റ്യ്‌ലില്‍ ഞാന്‍ ആകാശത്തു സമ്മര്‍ സാല്‍ട്ട്‌ നടത്താന്‍ തുടങ്ങി. ആണ്ട ബാദ്ധ കൊണ്ടേ പോകൂ അധവാ വരുംബോള്‍ എല്ലാം കൂടെ ഒന്നിച്ചു എന്നു പറയും പോലെ ഈ സമ്മര്‍ സാല്‍ട്ടില്‍ കൈ കയറി ഒരു സ്റ്റേയ്‌ കംബിയില്‍ കുരുങ്ങി.മര്യാദയ്ക്കു വീണിരുന്നേല്‍ ഫുട്ട്‌ പാത്തില്‍ കിടക്കേണ്ട ഞാന്‍ ഈ സ്റ്റേയ്‌ കംബി സംഭാവന നല്‍കിയ സപ്പോര്‍ട്ടില്‍ ഒരു എക്സ്റ്റ്ര കരണം കൂടി മറിഞ്ഞു വീണതോ - നടു റോഡില്‍ - എം.ജി. റോഡിന്റെ ഹൃദയഭാഗത്തുള്ള ഒരു റോഡിന്റെ ഒത്ത നടുക്ക്‌.ഒരു പൊട്ടലും നാലു ചീറ്റലും - ഹാക്കിന്‍സ്‌ പ്രഷര്‍ കുക്കറില്‍ നിന്ന് വരുന്നതു പോലെ ജുറാസ്സിക്ക്‌ പാര്‍ക്കിലെ ടിനോസരിന്റെ അലര്‍ച്ചയെ ഓര്‍മിപ്പിക്കുമാറു ഒരു ശബ്ദം.പുറം തിരിഞ്ഞു വീണ ഞാന്‍ തിരിഞ്ഞൊന്നു നോക്കി.ഒരു പ്രൈവറ്റ്‌ ബസ്സിന്റെ ഏരിയല്‍ വ്യൂ!!!അതു ബ്രേക്ക്‌ ഇട്ട ശബ്ദം ആയിരീന്നു ഞാന്‍ കേട്ടത്‌. ഞാന്‍ അലറി. വേദന കൊണ്ടല്ല..ഈ വ്യൂ കണ്ടു ഞെട്ടി.ജനം ഓടി കൂടിയപ്പോള്‍ "ഇറ്റ്‌ ഇസ്‌ ഓകയ്‌..എനിക്കു ഒന്നും പറ്റിയില്ല സില്ലി ബോയ്സ്‌"എന്ന രീതിയില്‍ ഞാന്‍.കാലില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്നു.ബ്രേക്കിട്ടതും ആ ഡ്രൈവര്‍ ബോധം കെട്ടു പോലും.സാധാരണ അങ്ങേരു ഇടുന്ന ബ്രേക്കില്‍ വണ്ടി ഒരു കിലോമീറ്റര്‍ ദൂരെയാണു നില്‍ക്കാറുള്ളതത്രെ!!ജനം എന്നെ തൂക്കിയെടുത്ത്‌ ഓട്ടോയില്‍ കയറ്റി. ഉടുപ്പി ആനന്തഭവന്റെ പേരും അച്ഛന്റെ പേരും ഞാന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.മെടിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെ ഓപ്പെരേഷന്‍ തീയട്ടര്‍ - നാലഞ്ചു ഡോക്ടര്‍മാര്‍ കുശലം ചോദിച്ച്‌ തുടങ്ങി-പേരും, നാളും ജാതകവുമൊക്കെ-സ്റ്റിച്ച്‌ ഇടുകയാണു.ഒരു ഒടിഞ്ഞ കാലും പത്തുപതിനഞ്ജ്‌ തുന്നലുകളുമായ്‌ ആശുപത്രിയുടെ ജെനെറല്‍ വാര്‍ഢില്‍ ഞാന്‍ കിടക്കവേ ഏഷ്യാനെറ്റില്‍ 'സന്‍ഡേ സൂപ്പര്‍ ഹിറ്റ്‌ മൂവി - തൂവല്‍ സ്പര്‍ശം' തെളിഞ്ഞു വന്നു.

സുന്ദരികളായ പല സ്കൂള്‍ യൂണിഫോം ധാരിണികളേ..പട്ടു പാവാട ഉടുത്ത്‌ ജിമിക്കിയിട്ട അംബല പ്രാവുകളേ...നിങ്ങളുടെ അടുത്തേക്കു മനസ്സു പാറിയെത്തിയത്‌ കാരണം ഞാനിതാ ഈ അശുപത്രിയുടെ ജെനെറല്‍ വാര്‍ഢില്‍ കിടക്കുന്നു.

കൊടുത്താല്‍ കൊല്ലത്ത്‌ മാത്രമല്ല കൊച്ചിയിലും കിട്ടും - അതു ഭഗവാന്‍ കൃഷ്ണനിട്ടു കൊടുത്താലും

1 comment:

Nesmel Hussain said...

kochiyil ninnu vare kittiyittundalle. oru aagolaprathibbhaasamaanu ee kathaa naayakan,,!